കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അബ്കാരി-അധികാരി-രാഷ്ട്രീയ പാര്‍ട്ടി ഡീല്‍ കേരളത്തെ ‘മദ്യപ്രദേശാ’ക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചുവെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. ഇക്കാരണത്താല്‍ ജനവിരുദ്ധ സമീപനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപോലും ഒരക്ഷരം പ്രതികരിക്കാനാവാത്ത സ്ഥിതിവിശേഷം ഉണ്ടായി. ആയതിന്റെ പ്രത്യുപകാരമാണ് ബാറുകള്‍ക്ക് സമയം വര്‍ദ്ധിപ്പിച്ച് നല്‍കിയതും ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതും.
ഡീലിന്റെ കൊഴുപ്പ് പ്രചരണ പരിപാടികളില്‍ ശക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിലും കോടിക്കണക്കിന് പണമാണ് പ്രചരണ പരിപാടികളില്‍ ഉപയോഗിക്കുന്നത്. ഓടുന്ന വാഹനങ്ങളില്‍ ഡി.ജെ. പാര്‍ട്ടിക്ക് ഉപയോഗിക്കുന്ന സൗണ്ട് സിസ്റ്റം ചട്ടവിരുദ്ധമായി നിരവധി വാഹനങ്ങളിലായി ഉപയോഗിക്കുന്നു. പ്രചരണത്തിലെ പണക്കൊഴുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും കണ്ടില്ലെന്ന് നടിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യഥേഷ്ടം മദ്യം ഒഴുക്കിയുള്ള പ്രചരണം നടക്കുന്നു. സംസ്ഥാനത്തൊരിടത്തും മദ്യമോ പണമോ കടത്തുന്നതോ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതോ തെരഞ്ഞെടുപ്പ് പരിശോധക സംഘം പിടികൂടിയതായി റിപ്പോര്‍ട്ടുകളില്ല. സംസ്ഥാനത്തൊട്ടാകെ ‘ഡീല്‍ പ്രപഞ്ചം’ മാത്രമേ കാണാനും കേള്‍ക്കാനുമുള്ളൂ. ഡീലുകളൊന്നും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുന്നില്ല. പരാതിയുണ്ടെങ്കില്‍ പരിശോധന എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.
മദ്യത്തിന്റെയും മാരക ലഹരികളുടെയും ഫലമായി ദുരന്തവും ദുരിതവും അനുഭവിക്കുന്നവര്‍ പതിനായിരക്കണക്കിനാണ്. അത് മദ്യശാലകള്‍ നടത്തുന്നവരോ അവരുടെ തൊഴിലാളികളേക്കാളും പതിന്‍മടങ്ങാണ്. ഇരകളായവരോ, അവരുടെ കുടുംബാംഗങ്ങളോ ഈ വ്യവസ്ഥിതിക്കെതിരെ തിരിച്ചടിക്കാന്‍ അവസരം പാര്‍ത്തിരിക്കുകയാണ്.

