ആലപ്പുഴ: നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ എസ്എഫ്ഐ മുൻ നേതാവായ അബിൻ രാജ് കുറ്റം സമ്മതിച്ചു. സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജൻസിയിൽ നിന്ന് തന്നെയെന്ന് അബിൻ രാജ് സമ്മതിച്ചു.
അബിനെ കായംകുളം പൊലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ മാലിയിൽ നിന്നെത്തിയ അബിനെ നെടുമ്പാശേരിയിൽ നിന്നാണ് അറസ്റ്റു ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ തന്നെ സഹായിച്ചത് അബിൻ ആണെന്ന് നിഖിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാലിയിൽ നിന്ന് അബിനെ പൊലീസ് വിളിച്ചു വരുത്തിയത്.
കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ കേസിൽ രണ്ടാം പ്രതിയാക്കിയത്.
നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്.