പീഡനത്തെ തുടർന്നുള്ള ഗർഭധാരണം :ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധം എന്ന് ഹൈക്കോടതി

കൊച്ചി: പീഡനത്തിന് ഇരയായി ഗർഭിണിയായ സംഭവങ്ങളില്‍ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നു ഹൈക്കോടതി പറഞ്ഞു.പീഡനത്തിന് ഇരയായ 16 വയസ്സുള്ള പ്ലസ് വണ്‍ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നല്‍കിയ ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്. പത്തൊൻപതുകാരനായ കാമുകനില്‍ നിന്നാണു പെണ്‍കുട്ടി ഗർഭിണിയായത്.

ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്. മകളുടെ ഗർഭം അലസിപ്പിക്കാൻ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളൂ. വിവാഹേതര ബന്ധത്തിലോ പ്രത്യേകിച്ചു ലൈംഗികാതിക്രമത്തിനോ ഇരയായി ഗർഭിണി ആയാല്‍ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ വ്യഥയായിരിക്കുമെന്നു കോടതി പറഞ്ഞു.ബലാല്‍സംഗത്തിന് ഇരയായി ഗർഭിണിയായ യുവതിയെ, പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നല്‍കാൻ നിർബന്ധിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ഗർഭം തുടരുന്നത് ഹർജിയില്‍ പറയുന്ന പെണ്‍കുട്ടിയുടെ ശരീരത്തെയും മനസ്സിനെയും ബാധിക്കുമെന്നു മെഡിക്കല്‍ ബോർഡിന്റെ റിപ്പോർട്ടുണ്ട്. ചൈല്‍ഡ് കെയർ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടി നിലവിലെ അവസ്ഥ സ്വീകരിക്കാവുന്ന മാനസിക നിലയില്‍ അല്ല. പിന്നാക്ക വിഭാഗത്തില്‍പെട്ട, ദരിദ്ര കുടുംബത്തില്‍ നിന്നുള്ള ആളുമാണ്. ഇക്കാര്യങ്ങളെല്ലാം കോടതി കണക്കിലെടുത്തു. കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കില്‍ ആവശ്യമായ എല്ലാ പരിചരണവും നല്‍കണമെന്നും ഹർജിക്കാരി കുട്ടിയെ ഏറ്റെടുക്കാൻ തയാറായില്ലെങ്കില്‍ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചു.

Hot Topics

Related Articles