‘വസന്തം വിരുന്നെത്തിയ വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും’ ; മിന്നിത്തിളങ്ങിയ കരവിരുതിനു പിന്നിൽ ഇവർ…

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. 

ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ  തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ  സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.

നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം  നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്.

200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.

ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക്   കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.

റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ്  നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Hot Topics

Related Articles