ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചതുമുതല്‍ ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്ന ഒരേയൊരു ചോദ്യമുണ്ട്; വിരാട് കോലിക്ക് പകരം മൂന്നാം നമ്പറില്‍ ആരിറങ്ങുമെന്നത്? ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി കളിക്കുന്നതിനിടെയേറ്റ പരിക്കാണ് വിരാട് കോലിക്ക് വില്ലനായത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര കോലിക്ക് പൂർണ്ണമായും നഷ്ടമായി.
ധരംശാലയില്‍ ശനിയാഴ്ച നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി മൂന്നാം നമ്പറിനായുള്ള പോരാട്ടത്തില്‍ കെ.എല്‍ രാഹുലും ഇഷാൻ കിഷനും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനില്‍ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പിങ് പരിശീലനത്തില്‍ ഏർപ്പെട്ടപ്പോള്‍, രാഹുല്‍ ഔട്ട്ഫീല്‍ഡ് ക്യാച്ചിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം നമ്പറില്‍ പല ഓപ്ഷനുകള്‍ പരീക്ഷിക്കാൻ ടീം മാനേജ്മെന്റ് ഒരുക്കമാണെന്ന് ഇന്ത്യൻ ബോളിങ് കോച്ച് മോണി മോർക്കല്‍ മത്സരത്തലേന്ന് വ്യക്തമാക്കി. രാഹുലിനും കിഷനും പുറമെ യുവ ഓപ്പണർ യശസ്വി ജയ്സ്വാളും ഈ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മൂന്നാം നമ്പറിന്റെ കാര്യത്തില്‍ ഈ പരമ്പരയില്‍ ഞങ്ങള്‍ ചില പരീക്ഷണങ്ങള്‍ നടത്തും. ഇഷാൻ കിഷൻ, കെ.എല്‍ രാഹുല്‍, അല്ലെങ്കില്‍ യശസ്വി ജയ്സ്വാള്‍… ഇവർക്കെല്ലാം ഇതൊരു മികച്ച അവസരമാണ്. വരാനിരിക്കുന്ന വലിയ ടൂർണമെന്റുകള്‍ക്ക് മുന്നോടിയായി കളിക്കാർക്ക് വ്യത്യസ്ത റോളുകള്‍ നല്കി മികച്ച കോമ്പിനേഷൻ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മോര്‍ക്കല്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി മധ്യനിരയില്‍ അഞ്ചാം നമ്പറില്‍ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന കെ.എല്‍ രാഹുലിന്റെ ബാറ്റിങ് പൊസിഷനില്‍ ഇതോടെ മാറ്റം വന്നേക്കും. പരിമിത ഓവർ ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാണ് രാഹുല്‍ എങ്കിലും, ഇഷാൻ കിഷൻ പ്ലെയിങ് ഇലവനിലേക്ക് വരികയാണെങ്കില്‍ രാഹുലിനെ കീപ്പിങ് ചുമതലകളില്‍ നിന്ന് ഒഴിവാക്കിയേക്കും. പരിശീലനത്തിനിടെ കിഷൻ ഗ്ലൗസണിഞ്ഞതും രാഹുല്‍ ഫീല്‍ഡിങ്ങില്‍ ശ്രദ്ധിച്ചതും ഈ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.


