നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ആടുമോഷണത്തിന് പിടിയിൽ

അടൂർ : പത്തനംതിട്ട, കൊടുമൺ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ആടിനെ മോഷ്ടിച്ചതിന് അറസ്റ്റിലായി. വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പിൽ മുരളിയുടെ മകൻ അരുൺ (27) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. കൊടുമൺ ശാന്ത ഭവനം ഗിരീഷിന്റെ വീട്ടിലെ ആടിനെയാണ് ഇയാൾ മോഷ്ടിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വീടിന് സമീപത്തെ വയലിൽ തീറ്റ തിന്നാൻ കെട്ടിയിരുന്ന രണ്ട് വയസ്സ് പ്രായമുള്ള ആടിനെയാണ് യുവാവ് അഴിച്ചുകൊണ്ടുപോയത്, 5000 രൂപ വിലവരും. ഉടൻ തന്നെ ഗിരീഷിന്റെ ഭാര്യ ആതിര പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.

ഇവരുടെ മൊഴിപ്രകാരം കേസെടുത്ത പോലീസ് ആടിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. തുടർന്ന്, മഞ്ഞിപ്പുഴ ഏലായിൽ ആടുമായി പ്രതിയെ കണ്ടെത്തി. സംശയകരമായ സാഹചര്യത്തിൽ ഇവിടെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരം ലഭിച്ച പോലീസ് അവിടെയെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചു. ആതിരയെ സ്ഥലത്ത് വിളിച്ചുവരുത്തി, ആടിനെ കാണിച്ച് തിരിച്ചറിഞ്ഞുകഴിഞ്ഞ്, ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തുടർന്ന്, കുറ്റസമ്മതമൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആടിനെ ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ദേഹോപദ്രവം ഏൽപ്പിക്കൽ, മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐ രതീഷ്, എസ് സി പി ഓമാരായ പ്രമോദ്, ശിവപ്രസാദ്, വിനീത്, സി പി ഓമാരായ അഭിജിത്, അജിത്, ഷിജു, നഹാസ്, ബിജു എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles