അടൂർ : നയിചേതന – ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 21 (നാളെ) രാവിലെ 10ന് അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി സജി അധ്യക്ഷത വഹിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍(എന്‍ആര്‍എല്‍എം) നയിചേതന എന്ന പേരില്‍ നടത്തുന്ന ദേശീയ കാമ്പയിന്റെ ഭാഗമായി ഡിസംബര്‍ 23 വരെ ഒരുമാസക്കാലയളവില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയല്‍ക്കൂട്ടതലം വരെ വിവിധ പരിപാടികള്‍ നടത്തിവരുന്നു.
ലിംഗ സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്നതാണ് കാമ്പയിന്റെ തീം. സഹനം അല്ല ശബ്ദമാണ് എന്ന ആശയത്തില്‍ ഊന്നി നാല് ആഴ്ച നീണ്ടുനില്‍ക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ചു വരുന്നത്.
ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, അതിക്രമങ്ങളെ തിരിച്ചറിയുക, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക,അതിക്രമങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളര്‍ത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിന്റെ ലക്ഷ്യം.
സിഡിഎസ് – എ ഡി എസ് – അയല്‍ക്കൂട്ടതല ബോധവല്‍ക്കരണം, പോസ്റ്റര്‍ പ്രചാരണം, പ്രതിജ്ഞ ചൊല്ലല്‍, ചര്‍ച്ച, സന്ദേശറാലികള്‍, രാത്രി നടത്തം, നിലവിലുള്ള സേവന സംവിധാനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കല്‍, ചുവര്‍ചിത്രം, മികച്ച വ്യക്തിത്വങ്ങളെ ആദരിക്കല്‍, പൊതുയോഗങ്ങള്‍, സിനിമ- ഡോക്യുമെന്ററി പ്രദര്‍ശനം, സ്ഥാപനസന്ദര്‍ശനം, അയല്‍ക്കൂട്ട കുടുംബ സംഗമങ്ങള്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നാലാഴ്ച നീണ്ടു നില്‍ക്കുന്ന കാമ്പയിനോട് അനുബന്ധിച്ച് ജില്ലയില്‍ സംഘടിപ്പിക്കുന്നത്.