ദുബായ് :വേനലവധിക്ക് ശേഷം മലയാളി കുടുംബങ്ങൾ യുഎഇയിലേക്ക് മടങ്ങിയെത്തിത്തുടങ്ങി. നേരത്തെ തന്നെ മടക്ക ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ഇപ്പോൾ എത്തുന്നത്. എന്നാൽ, ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാത്ത പലരും നിരക്കുകൾ കുത്തനെ ഉയർന്നതിനാൽ സെപ്റ്റംബർ ആദ്യവാരത്തോടെ മാത്രമേ മടങ്ങിയെത്താനാവൂ.
ഈ മാസം 25നാണ് മിക്ക എമിറേറ്റുകളിലുമുള്ള സ്കൂളുകൾ തുറക്കുന്നത്. എന്നാൽ, കുട്ടികൾ എത്താൻ വൈകുന്നതോടെ ചില ഇന്ത്യൻ സ്കൂളുകളിൽ ശരിക്കുള്ള അധ്യാപനം സെപ്റ്റംബർ ആദ്യവാരത്തിലേ ആരംഭിക്കുകയുള്ളൂ.ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ പതിവിനെ അപേക്ഷിച്ച് നാലിരട്ടി വരെയായി ഉയർന്നിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 18,000 മുതൽ 20,000 രൂപ വരെയാണെങ്കിൽ, ഇൻഡിഗോ, ആകാശ എയർലൈൻസ് എന്നിവയിൽ 22,000 മുതൽ 34,000 രൂപ വരെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം–ഷാർജ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിൽ 15,000 മുതൽ 18,000 രൂപ വരെയാണ് നിരക്കുകൾ, മറ്റ് വിമാനക്കമ്പനികളിൽ ഇത് 20,000 രൂപയ്ക്കുമുകളിലാണ്.യാത്രക്കാർ, പ്രത്യേകിച്ച് കുടുംബങ്ങൾ, ഉയർന്ന നിരക്കുകൾ കാരണം വൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇതോടെ പലരും കണക്ഷൻ ഫ്ലൈറ്റുകൾ തെരഞ്ഞെടുത്ത് യാത്ര ചെയ്യാൻ തുടങ്ങുന്നുണ്ട്.
അവധി കഴിഞ്ഞുള്ള തിരക്ക് കാരണം വിമാനങ്ങൾ നിറഞ്ഞാണ് സർവീസ് നടത്തുന്നത്.യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾ 2025–2026 അധ്യയന വർഷത്തിനായി തിങ്കളാഴ്ച തുറക്കും. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരമാണിത്. എന്നാൽ, ചില സ്വകാര്യ സ്കൂളുകളിൽ അവധി ദിവസങ്ങളിലും ക്ലാസുകൾ തുടങ്ങുന്നതിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.