ആലപ്പുഴ: മറ്റ് കേസുകളിൽ ഉൾപ്പെട്ടതോടെ ഒളിവിൽകഴിയാൻ അഭയംനൽകാത്തതിന്‍റെയും പലതവണഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിന്‍റെ വൈരാഗ്യത്തിലാണ് യുവാവിനെ വീട്ടിൽകയറി കുത്തികൊന്നതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ആര്യാട് പഞ്ചായത്ത് എട്ടാംവാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിലിനെ (അച്ചു-24) കൊന്നകേസിലെ ഒന്നാംപ്രതി ആദിക്കാട്ടുകുളങ്ങര കണ്ടിനേത്ത് വീട്ടിൽ ഷെൽജൂഖ് (34), രണ്ടാംപ്രതി ഓച്ചിറ ഞക്കനാൽ അനന്തുഭവൻ അനന്തു (29) എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് നാടിനെ നടുക്കിയ യുവാവിന്‍റെ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഹരിപ്പാടുനിന്ന് ഓട്ടോയിൽ ആലപ്പുഴയിലെത്തിയ ഇവർ പുന്നമട ഫിനിഷിങ് പോയന്‍റിന് സമീപത്തുള്ള ഹോട്ടലിൽ കയറി മദ്യപിച്ചു. ഇതിനിടെ മറ്റൊരു സുഹൃത്തിനെ കണ്ടുമുട്ടിയതോടെയാണ് നേരത്തെ പരിചയക്കാരനും സുഹൃത്തുമായ അഖിലിന്‍റെ വീട് കാണിച്ചുകൊടുക്കാൻ നിർബന്ധിച്ചത്. അവിടെനിന്ന് ഓട്ടോക്കാരനെ ഭീഷണിപെടുത്തിയാണ് ആര്യാടുള്ള അഖിലിന്‍റെ വീട്ടിലെത്തിയത്. പിന്നീട് വാക്കുതർക്കത്തിലേർപെടുകയും കൈയിൽകരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
അതിനുശേഷം മറ്റൊരു ഓട്ടോയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ട്രെയിനിൽ കയറിയെങ്കിലും സി.സി.ടി.വി ഇല്ലാത്തസ്ഥലംനോക്കി പുറത്തുകടന്ന് കോഴിക്കോട് ബസിൽകയറി കുന്നംകുളത്ത് ലോഡ്ജിൽ മുറിയെടുത്തു. പൊലീസ് പിന്തുടരുന്നുവെന്ന് തിരിച്ചറിഞ്ഞ് പ്രതികൾ അവിടെനിന്ന് രക്ഷപ്പെട്ടു. ലോറിയിൽ മംഗലപുരം-മൈസൂർ വഴി ബാംഗ്ലുരുവിൽ എത്തിയെങ്കിലും അവിടെ തങ്ങിയില്ല. ആലപ്പുഴ നോർത്ത് പൊലീസിന്‍റെ അന്വേഷണം ബംഗളുരുവിൽ പുരോഗമിക്കുന്നത് മനസ്സിലാക്കി ട്രെയിൻമാർഗം വീണ്ടും കേരളത്തിലേക്ക് വന്നു. കരുനാഗപ്പള്ളി സ്റ്റേഷനിൽ വന്നിറങ്ങിയശേഷം ഓച്ചിറയിലെ രണ്ടാംപ്രതി ഒളിസങ്കേതത്തിൽ പോകുന്നവഴിയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കൂടുതൽ അന്വേഷണത്തിനായും ആയുധം കണ്ടെത്തുന്നതിനും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെയും ഡിവൈ.എസ്.പി. ജി.ബി മുകേഷിന്റെയും മേൽനോട്ടത്തിലായിരുന്നു അന്വേഷണം. നോർത്ത് സി.ഐ. എം.ജെ.അരുൺ, എസ്.ഐ.മാരായ എസ്.ദേവിക, ബാലു കെ. അജിത്ത്, ജി.എസ്.ഐ. യു.ഉല്ലാസ്, സി.പി.ഒ. ബിനോയ് ജോർജ്, എസ്.സി.പി.ഒ. ബിപിൻ ദാസ്, കെ.എസ്.ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ആലപ്പുഴ ആര്യാട് കൊലപാതകം: പ്രതികളെ പോലീസ് ചോദ്യം ചെയ്തു: കൊലപാതകം നടത്തിയത് ഒളിവിൽ കഴിയാൻ അഭയം നൽകാത്തതിന്റെ പേരിൽ എന്ന് കുറ്റസമ്മത മൊഴി

Advertisements

