ആലപ്പുഴ : എടത്വ പാണ്ടി പുത്തനാറ്റില്‍ കടത്ത് നിലച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ എത്താന്‍ സാധിക്കാത്ത അവസ്ഥയില്‍. പഠനം പ്രതിസന്ധിയില്‍. കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന പാണ്ടി പുത്തനാറിന്റെ മറുകരകളില്‍ എത്താന്‍ വിദ്യാര്‍ഥികള്‍ ആശ്രയിച്ചിരുന്ന കടത്ത് വള്ളമാണ് നിലച്ചത്. ചെറുതന, പാണ്ടി ഭാഗങ്ങളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ എടത്വ, പച്ച തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് വരുന്നുണ്ട്. പതിറ്റാണ്ടുകളോളം കടത്ത് വള്ളം തുഴഞ്ഞിരുന്ന പാണ്ടി സ്വദേശി ജോയപ്പന്‍ പ്രായാധിക്യമായ അവശതകള്‍ മൂലം ജോലി നിര്‍ത്തിയെങ്കിലും ജോയപ്പന്റെ സഹധര്‍മ്മിണി സ്‌കൂള്‍ വിദ്യാര്‍ഥികളെ മറുകര എത്തിച്ചിരുന്നു.
ഇവര്‍ക്കും ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെ കടത്ത് പൂര്‍ണ്ണമായി നിലച്ചു.
പച്ച-ചെക്കിടിക്കാട് സെന്റ് സേവ്യേഴ്‌സ് യു.പി സ്‌കൂള്‍, ലൂര്‍ദ്ദ് മാതാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍, എടത്വ സെന്റ് അലോഷ്യസ് കോളേജ്, പയസ് ടെന്‍ത് ഐ.റ്റി.ഐ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ എത്തിയിരുന്നത് പാണ്ടി കടവ് കടന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ ചെക്കിടിക്കാട് മില്‍മ ജംഗ്ഷനില്‍ എത്തിയാണ്. കടത്ത് നിലച്ചതോടെ പച്ചയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മറ്റ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കാനും ആരംഭിച്ചിട്ടിണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പച്ച സ്‌കൂളില്‍ പഠിച്ചിരുന്ന നിരവധി വിദ്യാര്‍ഥികള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ആയാപറമ്പ്, ഹരിപ്പാട്, കരുവാറ്റ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് മാറിയിട്ടുണ്ട്. ചില വിദ്യാര്‍ഥികള്‍ പഠനം തുടരുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ യാത്ര പ്രതിസന്ധി സൃഷ്ടിക്കുമെന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധിക്യതരെ അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ അധിക്യതര്‍ ചെറുതന പഞ്ചായത്തില്‍ നിവേദനം നല്‍കിയിട്ടുണ്ട്.
എടത്വ-തകഴി സംസ്ഥാന പാതയിലെ ആദ്യ ഇടറൂട്ടായ ചെക്കിടിക്കാട്-പാണ്ടി-ഹരിപ്പാട് റോഡിനാണ് ഈ ദുര്‍ഗ്ഗതി. നാല് പതിറ്റാണ്ട് മുന്‍പ് പി.ഡബ്ല്യു.ഡി ഇടറൂട്ടിന് അനുമതി നല്‍കി ബോര്‍ഡും സ്ഥാപിച്ചിരുന്നു. റോഡ് നിര്‍മ്മാണത്തിലെ തടസ്സവും പുത്തനാറ്റില്‍ പാലം നിര്‍മ്മിക്കാനുള്ള ഫണ്ട് ലഭ്യമാക്കാത്തതുമാണ് റോഡ് നിര്‍മ്മാണം നിലച്ചത്. ഹരിപ്പാട്-ചെറുതന-പാണ്ടി റോഡ് നിര്‍മ്മാണം പതിറ്റാണ്ടിന് മുന്‍പ് പൂര്‍ത്തിയായിരുന്നു. എടത്വ- തകഴി സംസ്ഥാന പാതയില്‍ നിന്ന് പാണ്ടി കടവിന് മറുകരയുള്ള ചെക്കിടിക്കാട് കടവ് വരയും റോഡിന്റെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.
പാണ്ടി, പോച്ച, ചെറുതന പ്രദേശത്തെ നിരവധി വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും, മറ്റ് യാത്രക്കാരും ഏറെ ആശ്രയിച്ചിരുന്ന റൂട്ടിലാണ് പാലത്തിന്റെ അഭാവത്തില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. പാലത്തിന് പകരം ജങ്കാര്‍ കടത്ത് ആവശ്യപ്പെട്ട് ഇരുകരയിലുമുള്ള നാട്ടുകാര്‍ നിരവധി തവണ ജനപ്രതിനിധികളേയും ബന്ധപ്പെട്ട ഉദ്ദ്യേഗസ്ഥരേയും സമീപിച്ചിരുന്നു. എന്നാല്‍ പാലം നിര്‍മ്മിക്കാനോ ജങ്കാര്‍ എത്തിക്കാനോ വേണ്ട നടപടി അധിക്യതര്‍ സ്വീകരിച്ചില്ല. തകഴി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ അവിടെ ഉപയോഗിച്ചിരുന്ന ജങ്കാര്‍ പാണ്ടി കടവില്‍ എത്തിക്കുമെന്ന് അന്നത്തെ ജനപ്രതിനിധികള്‍ അറിയിച്ചെങ്കിലും പ്രാവര്‍ത്തികമായില്ല.
പാണ്ടി കടവിലും എടത്വ ചങ്ങങ്കരി കടവിലും പാലം നിര്‍മ്മിച്ചാല്‍ എ.സി റോഡില്‍ നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് ഹരിപ്പാട് എത്തിച്ചേരാന്‍ കഴിയും. തകഴി, ചെറുതന പഞ്ചായത്തുകള്‍ സംയുക്തമായി നിന്നാന്‍ പാണ്ടി കടവില്‍ പുതിയ കടത്ത് വള്ളം ഇടാന്‍ കഴിയുമെങ്കിലും യാത്ര ദുരിതത്തിന് ശാശ്വത പരിഹാരം ലഭിക്കില്ല. ഹരിപ്പാട്, കുട്ടനാട് മണ്ഡത്തിലെ ജനപ്രതിനിധിയള്‍ മുന്‍കൈ എടുത്താല്‍ മാത്രമേ ഇരു മണ്ഡലത്തിലേയും വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയൂ. ജനപ്രതിനിധികള്‍ പ്രശ്‌നത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സ്‌കൂള്‍ അധികൃതരും പാണ്ടി നിവാസികളും ആവശ്യപ്പെടുന്നു.