ആലപ്പുഴ: തലവടി പ്രദേശങ്ങളില്‍ നീര്‍നായ അക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജില്ല കളക്ടറിന് പരാതി നല്‍കി. പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ ദമ്പതികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് നീര്‍നായുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ഗണപതി ക്ഷേത്രത്തിന് സമീപം പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ കൊത്തപള്ളില്‍ പ്രമോദ്, ഭാര്യ രേഷ്മ, നെല്ലിക്കുന്നത്ത് നിര്‍മ്മല, പതിനെട്ടില്‍ സുധീഷ്, പ്രസന്ന വിലാസത്തില്‍ ശ്രീലത, നമ്പരശ്ശേരില്‍ അമ്പിളി എന്നിവര്‍ക്കാണ് നീര്‍നായയുടെ കടിയേറ്റത്. വേളാംപറമ്പില്‍ സന്തോഷ്, രാജന്‍, വാടക്കല്‍ മണിയമ്മ, ലീലാമ്മ, ചക്കനാട്ട് രജി എന്നിവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ നീര്‍നായുടെ കടിയേറ്റിരുന്നു. കടിയേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
മാസങ്ങള്‍ക്ക് മുമ്പും നീര്‍നായയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നീര്‍നായ ശല്യത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ആറ്റില്‍ ഇറങ്ങാന്‍ ഭയമാണ്. കരയില്‍ തെരുവ് നായുടേയും വെള്ളത്തില്‍ നീര്‍നായുടേയും ശല്യം ഏറിയിട്ടും പഞ്ചായത്ത് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. അടിയന്തിരമായി നീര്‍നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറിന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാര്‍ പിഷാരത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പരാതി നല്‍കി.