ഓഫീസിൽ കയറരുത്; കേസിനെപ്പറ്റി സംസാരിക്കരുത്; കെജ്രിവാളിന്റെ ജാമ്യം കർശന ഉപാധികളോടെ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് തന്റെ ഓഫീസില്‍ പ്രവേശിക്കുന്നതിനടക്കം കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം അനുദിച്ചിട്ടുള്ളത്. ജൂണ്‍ രണ്ടിന് തന്നെ തിഹാർ ജയിലധികൃതർക്ക് മുമ്പാകെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. കടുത്ത ഉപാധികളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസോ ഡല്‍ഹി സെക്രട്ടേറിയറ്റോ സന്ദർശിക്കരുതെന്നാണ് ഇതില്‍ പ്രധാനപ്പെട്ട ഉപാധി. ഹർജിയില്‍ നേരത്തെ വാദംകേള്‍ക്കുമ്പോള്‍ കോടതി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സമൂഹത്തിന് ഭീഷണിയല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നുവന്നിട്ടുള്ളതെന്നും എന്നാല്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും നിരീക്ഷിച്ചു. കേസിലെ സാക്ഷികളുമായി ഒരു തരത്തിലും ബന്ധപ്പെടരുതെന്നും കോടതി കെജ്രിവാളിനോട് നിർദേശിച്ചിട്ടുണ്ട്. തിഹാർ ജയിലില്‍ നിന്ന് മോചിതനാകുമ്ബോള്‍ അരവിന്ദ് കെജ്രിവാള്‍ 50,000 രൂപയും ഒരാളുടെ ആള്‍ ജാമ്യവും നല്‍കേണ്ടവരും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ റോള്‍ സംബന്ധിച്ച്‌ പ്രതികരണം നടത്തരുതെന്നും ജാമ്യോപാധിയില്‍ സുപ്രീം കോടതി നിർദേശിച്ചു. ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പുവെയ്ക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Hot Topics

Related Articles