തിരുനെൽവേലി: കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് തമിഴ്‌നാട് വനം വകുപ്പ്. നിലവിൽ മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്താണ് അരിക്കൊമ്പൻ ഉള്ളത്. തുമ്പിക്കൈക്ക് പരിക്കുണ്ടെങ്കിലും വെള്ളം കുടിക്കുകയും തീറ്റയെടുക്കുകയും ചെയ്യുന്നുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി.
ആനയെ നിരീക്ഷിക്കാൻ വനം വകുപ്പിന്റെ ഒരു സംഘം കഴുതുരുട്ടി മേഖലയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം അരിക്കൊമ്പൻ വനത്തിലൂടെ അധിക ദൂരം സഞ്ചരിച്ചിട്ടില്ല. മയക്കുവെടിയേറ്റതിന്റെ ആലസ്യവും ഒരു ദിവസത്തിലേറെ അനിമൽ ആംബുലൻസിൽ നിന്നതിന്റെയും ക്ഷീണം കൊണ്ടാകാം ഇതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്നലെയാണ് ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്.
ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഉള്‍ക്കാട്ടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും. തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്.