കൊച്ചി: ഹാർട്ട് വാൽവ് തകരാറുകൾക്ക് സമഗ്രചികിത്സയൊരുക്കാൻ ‘ആസ്റ്റർ അഡ്വാൻസ്ഡ് ഹാർട്ട് വാൽവ് സെന്റർ’ ആരംഭിച്ച് ആസ്റ്റർ മെഡ്സിറ്റി. ആസ്റ്റർ കാർഡിയാക് സയൻസസിന് കീഴിലാണ് പ്രത്യേക വിഭാഗം പ്രവർത്തിക്കുക. ഹൃദയ വാൽവുകളുമായി ബന്ധപ്പെട്ട ഹൃദ്രോഗത്തിന്റെ രോഗനിർണ്ണയത്തിലും ചികിത്സയിലുമാണ് സെൻ്റർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മരുന്നുകൾ, വാൽവിൻ്റെ സ്ഥിതി മെച്ചപ്പെടുത്തൽ, മാറ്റിസ്ഥാപിക്കൽ, മറ്റ് സങ്കീർണ്ണത കുറഞ്ഞ ശസ്ത്രക്രിയ നടപടികൾ തുടങ്ങി സമഗ്രമായ സേവനങ്ങൾ അഡ്വാൻസ്ഡ് ഹാർട്ട് വാൽവ് സെൻ്ററിൽ ലഭ്യമാകും. കൊച്ചിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ സെന്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഡ്വാൻസ്‌ഡ് ഹാർട്ട് വാൽവ് സെന്ററിന് തുടക്കം കുറിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അടുത്ത കാലം വരെ, വാൽവ് സംബന്ധ രോഗത്തിന് ശസ്ത്രക്രിയ ചികിത്സയായിരുന്നു ലഭ്യമായിരുന്നത്. അതേറെ സങ്കീർണ്ണവുമാണ്. ടാവി, ടിഎവിആർ, മിത്ര ക്ലിപ്, ടിഎംവിആർ (TAVI/TAVR, Mitra Clip, TMVR) തുടങ്ങിയ ശസ്ത്രക്രിയേതര ചികിത്സാ രീതികളുടെ വരവോടെ, രോഗികൾക്ക് സങ്കീർണത കുറഞ്ഞ ചികിത്സ ലഭ്യമാവുകയാണ്.
ഹൃദയാരോഗ്യ സംരക്ഷണത്തിൽ അത്യാധുനികവും നൂതനവുമായ ചികിത്സകൾ പ്രദാനം ചെയ്യുന്നതിനും, രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുന്നതിനും പുതിയ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
ആസ്റ്റർ അഡ്വാൻസ്ഡ് ഹാർട്ട് വാൽവ് സെന്ററിൽ, ഹാർട്ട് വാൽവ് ക്ലിനിക്ക്, ഹാർട്ട് ഫെയില്യുർ ക്ലിനിക് എന്നിവക്ക് പുറമെ വാസ്കുലർ, ജനറൽ സർജറി, ന്യൂറോളജി, നെഫ്രോളജി, ഇൻഫെക്ഷൻ കൺട്രോൾ, സ്ട്രോക്ക്, വയോജന പരിചരണം, സൈക്യാട്രിക് കെയർ തുടങ്ങിയ നോൺ-കാർഡിയോളജി സേവനങ്ങളും ഉൾക്കൊള്ളുന്നുണ്ട്.
വാൽവ് സംബന്ധ രോഗനിർണയത്തിലും ചികിത്സയിലും വൈദഗ്ധ്യമുള്ള ഒരു മൾട്ടി ഡിസിപ്ലിനറി ഹെൽത്ത് ടീമും ഈ കേന്ദ്രത്തിലുണ്ട്. ഏതു സങ്കീർണ രോഗാവസ്ഥകൾക്കും ശാസ്ത്രീയമായ ചികിത്സ ഉറപ്പാക്കാൻ ഈ ടീം സജ്ജമാണ്.
3ഡി ട്രാൻസ്‌സോഫേജൽ എക്കോ, ഇൻട്രാ കാർഡിയാക് എക്കോ സൗകര്യമുള്ള വിവിഡ് ഇ 95 എക്കോകാർഡിയോഗ്രാഫിക് മെഷീൻ ഉൾപ്പെടെയുള്ള അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങൾ സെൻ്ററിൻ്റെ ഭാഗമാണ്. ഇത് ചികിത്സ നടപടിക്രമങ്ങൾ വിലയിരുത്തുന്നതിനും സൂക്ഷ്മമായി ക്രമീകരിക്കുന്നതിനും സഹായിക്കുന്നു.
സങ്കീർണ്ണമായ ചികിത്സ ഇടപെടലുകൾ നടത്തുന്ന ഹൈബ്രിഡ് കാത്ത് ലാബ് ആവശ്യമെങ്കിൽ ശസ്ത്രക്രിയാ തീയറ്ററായും പ്രവർത്തിക്കാനാകുമെന്ന് ആസ്റ്റർ മെഡ്‌സിറ്റി കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനിൽകുമാർ ആർ പറഞ്ഞു. എക്‌മോ (ECMO) പോലുള്ള മെക്കാനിക്കൽ രക്തചംക്രമണ പിന്തുണാ സംവിധാനങ്ങളും ഉചിതമായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഡിയോളജിസ്റ്റുകൾ, കാർഡിയാക് സർജന്മാർ, എക്കോകാർഡിയോഗ്രാഫർമാർ, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റുകൾ, അനസ്‌തേഷ്യോളജിസ്റ്റുകൾ, ക്രിട്ടിക്കൽ കെയർ വിദഗ്ധർ, ഹൃദയ വാൽവ് ഡിസീസ് മാനേജ്‌മെന്റിൽ വൈദഗ്ധ്യമുള്ള മറ്റ് ആരോഗ്യപരിപാലന വിദഗ്ധർ എന്നിങ്ങനെ ഉയർന്ന പരിശീലനം ലഭിച്ച സ്പെഷ്യലിസ്റ്റുകളാണ് ആസ്റ്റർ ഹാർട്ട് വാൽവ് ടീമിൽ ഉൾപ്പെടുന്നത്.
ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് / ഇംപ്ലാന്റേഷൻ , മിത്ര ക്ലിപ്പ്, ബലൂൺ വാൽവോട്ടോമീസ്, പാരാവൽവുലാർ ലീക്ക് ക്ലോഷർ തുടങ്ങി ശസ്ത്രക്രിയേതര വാൽവ് നന്നാക്കലും മാറ്റിസ്ഥാപിക്കലും ഉൾപ്പെടെ നിരവധി ചികിത്സാ സൗകര്യങ്ങളാണ് സെന്റർ വാഗ്ദാനം ചെയ്യുന്നത്.
റൂട്ട് ആൻഡ് അസൻ്റിങ് അയോർട്ടിക് റീപ്ലേസ്‌മെന്റ്, മിട്രൽ, ട്രൈക്യുസ്പിഡ് റിപ്പയർ, മിട്രൽ എഡ്ജ്-ടു-എഡ്ജ് റിപ്പയർ, അയോർട്ടിക് വാൽവ് റിപ്പയർ, റോസ് പ്രൊസീജിയർ, പൾമണറി ഓട്ടോഗ്രാഫ്റ്റ് എന്നിവയാണ് സെൻ്റർ വാഗ്ദാനം ചെയ്യുന്ന ചില മറ്റ് ചികിത്സ സേവനങ്ങൾ.
ഹൃദയ വാൽവുകൾ ഹൃദയത്തിലെ രക്തപ്രവാഹം നിയന്ത്രിക്കുന്ന അവശ്യ ഘടകങ്ങളാണ്. ഈ വാൽവുകളുടെ പ്രശ്നങ്ങൾ ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള വിവിധ ഹൃദയാവസ്ഥകൾക്ക് കാരണമായേക്കാമെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിൽ ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇന്റർവെൻഷണൽ കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. രാജീവ് സി പറഞ്ഞു. വാൽവ് തകരാറുകൾ നേരത്തേ കണ്ടെത്തുന്നതും ശരിയായ ചികിത്സ നൽകുന്നതും വളരെ പ്രധാനമാണ്.
പല രോഗികൾക്കും മെഡിക്കൽ ഫോളോ അപ്പ് മാത്രമേ ആവശ്യമുള്ളൂ. എന്നിരുന്നാലും ഗുരുതരമായ വാൽവ് രോഗത്തിന് ശസ്ത്രക്രിയയോ ശസ്ത്രക്രിയേതര ഇടപെടലുകളോ ആവശ്യമായി വന്നേക്കാം. സങ്കീർണ്ണമായ വാൽവുലാർ ഹൃദ്രോഗങ്ങൾക്ക് പോലും ശാസ്ത്രീയവും സമഗ്രവുമായ പരിഹാരങ്ങൾ നൽകാനാണ് ഈ നൂതന ഹാർട്ട് വാൽവ് സെന്റർ ലക്ഷ്യമിടുന്നത് എന്നും ഡോ. രാജീവ് സി കൂട്ടിച്ചേർത്തു.
വാൽവുലാർ ഹൃദ്രോഗം ഇന്ത്യയിൽ, പ്രത്യേകിച്ച് പ്രായമായവരിൽ ഒരു സാധാരണ ആരോഗ്യപ്രശ്നമാണ്. വാൽവുകൾ ചുരുങ്ങാനും ചോർച്ചയ്ക്കും കാരണമാകുന്ന റുമാറ്റിക് ഹൃദ്രോഗം, മിട്രൽ വാൽവ് പ്രോലാപ്‌സ്, പ്രായമായവരെ ബാധിക്കുന്ന അയോർട്ടിക് വാൽവ് ചുരുങ്ങൽ
പോലുള്ള ഡീജനറേറ്റീവ് വാൽവ് രോഗം എന്നിവയാണ് വാൽവ് രോഗത്തിന്റെ സാധാരണ കാരണങ്ങൾ. ഹൃദയാഘാതത്തെത്തുടർന്ന് ചില രോഗികളിൽ മിട്രൽ വാൽവ് ചോർച്ച കാണപ്പെടുന്നുണ്ട്. ഇൻഫെക്റ്റീവ് എൻഡോകാർഡിറ്റിസ് എന്ന് വിളിക്കപ്പെടുന്ന, മുമ്പ് രോഗം ബാധിച്ച വാൽവിലെ അണുബാധ, വാൽവ് രോഗത്തെ അതിവേഗം വഷളാക്കുന്നു. ഈ സാഹചര്യങ്ങളിൽ ഉടനടി ചികിത്സ ആവശ്യമാണ്.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാരായ ഡോ. രാജീവ് സി, സീനിയർ കൺസൾട്ടന്റ് – ഇന്റർവെൻഷണൽ കാർഡിയോളജി, ഡോ. അനിൽ കുമാർ ആർ, സീനിയർ കൺസൾട്ടന്റ് – ഇന്റർവെൻഷണൽ കാർഡിയോളജി, ഡോ. വരുണ്‍ ഭാട്ടിയ കണ്‍സള്‍ട്ടന്റ്, സ്ട്രക്ചറല്‍ ഹാര്‍ട്ട് സ്‌പെഷ്യലിസ്റ്റ്ആസ്റ്റർ മെഡ്‌സിറ്റി തുടങ്ങിയവർ സന്നിഹിതരായിരുന്നു