ഇന്ന് ആറ്റുകാൽ പൊങ്കാല; പൊങ്കാല വീടുകളിൽ മാത്രം; ക്ഷേത്രപരിസരത്തും നിരത്തുകളിലും പാടില്ല

തിരുവനന്തപുരം: ആത്മസമർപ്പണത്തിന്റെ പുണ്യം തേടി ആറ്റുകാലമ്മയ്ക്ക് ഇന്നു പൊങ്കാല. ഇന്നു രാവിലെ 10.50നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.20ന് നിവേദ്യം. കോവിഡ് പശ്ചാത്തലത്തിൽ ദേവീ സന്നിധിയിൽ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല. ഭക്തർ വീടുകളിൽ അർപ്പിക്കുന്ന പൊങ്കാല സ്വയം നിവേദിക്കണം. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ഒമ്പതാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 10.20ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാലയർപ്പണ ചടങ്ങുകൾ ആരംഭിക്കുക.

Advertisements

തോറ്റംപാട്ടിലെ കണ്ണകീ ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റം പാട്ടുകാർ അവതരിപ്പിച്ചു കഴിഞ്ഞാലുടൻ ശ്രീ കോവിലിൽ നിന്നു തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പിലും സഹ മേൽശാന്തി അഗ്നി പകരുന്നതോടെ പൊങ്കാല സമർപ്പണത്തിനു തുടക്കമാകും. ഉച്ചയ്ക്ക് 1.20ന് ക്ഷേത്ര പൂജാരി പണ്ടാര അടുപ്പിലെ പൊങ്കാല നിവേദിക്കും. കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്ന ബാലനെ രാത്രി 7.30ന് ചൂരൽകുത്തും. രാത്രി 10.30ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത്.

കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടത്തുന്നത്. പുഷ്പവൃഷ്ടി, നിറപറയെടുക്കൽ എന്നിവ ഒഴിവാക്കിയെങ്കിലും ഭക്തർക്ക് തട്ടംപൂജ നടത്താം. നാളെ രാവിലെ 8ന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.45ന് കാപ്പഴിക്കും. 19ന് പുലർച്ചെ ഒന്നിന് കുരുതി തർപ്പണം നടത്തുന്നതോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.

Hot Topics

Related Articles