കൊച്ചി: അങ്കമാലി കരിയാട് ജംഗ്ഷനിലെ ബേക്കറിയിൽ കയറി എസ്ഐയുടെ മർദ്ദനത്തിൽ കട ഉടമയ്ക്കും ഭാര്യയ്ക്കും ജീവനക്കാരനും പരിക്കേറ്റു. കടയുടമ കുഞ്ഞുമോൻ, ഭാര്യ എൽബി, ജീവനക്കാരൻ ബൈജു എന്നിവർക്കാണ് പരിക്കേറ്റത്. കൺട്രോൾ റൂം വെഹിക്കിൾ പൊലീസ് ഉദ്യോഗസ്ഥനായ സുനിലിനെതിരെയാണ് പരാതി.
ബുധനാഴ്ച രാത്രി കട അടയ്ക്കാനൊരുങ്ങുമ്പോഴാണ് എസ് ഐ സുനിൽ ബേക്കറിയിൽ എത്തിയത്. കൺട്രോൾ റൂം വാഹനത്തിലായിരുന്നു എത്തിയത്. ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. കടയിലേക്ക് കയറിയ എസ് ഐ കടയിലുണ്ടായിരുന്നവരെയെല്ലാം ചൂരൽ വടികൊണ്ട് അടിച്ചു. പ്രകോപനം ഒന്നുമുണ്ടായിരുന്നില്ലെന്നാണ് ബേക്കറി ഉടമ കുഞ്ഞുമോൻ പറയുന്നത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് ആരോപണം. സുനിലിനെ നാട്ടുകാർ വളഞ്ഞുവച്ച് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ നെടുമ്പാശേരി പൊലീസിന് നാട്ടുകാർ എസ്ഐയെ കൈമാറി. എസ്ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കരിയാട് കത്തിക്കുത്ത് നടക്കുന്നുവെന്ന് അറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നാണ് എസ്ഐ നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ എസ്ഐയെ സസ്പെന്റ് ചെയ്തു.