ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം നായകൻ ബെൻ സ്റ്റോക്സിന്‍റെ പുതിയ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് കായിക ലോകം. അടുത്തിടെ ഇംഗ്ലണ്ട് ടീമിന്‍റെ പുതിയ കിറ്റ് പുറത്തിറക്കുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സ്റ്റോക്സിന്‍റെ മുഖഭാവത്തിലും ശരീരപ്രകൃതിയിലും വന്ന പ്രകടമായ മാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ കൗണ്ടി ടീമായ ഡർഹാമിന് വേണ്ടി പരിശീലനം നടത്തുന്നതിനിടെയാണ് 34-കാരനായ സ്റ്റോക്സിന് മുഖത്ത് പന്തുകൊണ്ട് ഗുരുതരമായി പരിക്കേറ്റത്. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് നേരിട്ട് മുഖത്ത് ഇടിക്കുകയായിരുന്നു. പന്ത് കൊണ്ട് സ്റ്റോക്സിന്‍റെ കവിളെല്ല് പൊട്ടിയിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് സ്റ്റോക്സ് വിധേയനായിരുന്നു. തകർന്ന അസ്ഥികള്‍ ഉറപ്പിക്കാൻ ടൈറ്റാനിയം പ്ലേറ്റുകളും സ്ക്രൂകളും ഉപയോഗിച്ചുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയയാണ് നടന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം സ്റ്റോക്സ് കൂടുതല്‍ മെലിഞ്ഞതായും മുഖത്തിന്‍റെ ഘടനയില്‍ വ്യത്യാസം വന്നതായും കാണാം. എന്നാല്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും മുഖത്തെ അസ്ഥികള്‍ പുനർനിർമ്മിക്കുമ്പോള്‍ സ്വാഭാവികമായും മുഖത്തിന്‍റെ ആകൃതിയില്‍ ചെറിയ വ്യത്യാസങ്ങള്‍ വരാമെന്നും മെഡിക്കല്‍ വിദഗ്ദര്‍ പറഞ്ഞു. ശസ്ത്രക്രിയയെത്തുടർന്ന് മുഖത്തെ പേശികള്‍ക്കുണ്ടായ ചലനക്കുറവും ദീർഘകാലത്തെ വിശ്രമവുമാണ് ഇപ്പോഴത്തെ രൂപമാറ്റത്തിന് കാരണം. പരിക്കിനെത്തുടർന്ന് പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നതും ഭക്ഷണക്രമത്തില്‍ വന്ന മാറ്റങ്ങളും സ്റ്റോക്സിനെ കൂടുതല്‍ മെലിഞ്ഞവനാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിക്കിനെ തുടർന്നുള്ള ശാരീരികവും മാനസികവുമായ ആഘാതങ്ങളെ അതിജീവിച്ച് സ്റ്റോക്സ് ഇപ്പോള്‍ പരീശീലനം പുനരാരംഭിച്ചിട്ടുണ്ട്. ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാണ് സ്റ്റോക്സ് ലക്ഷ്യമിടുന്നത്.

