ഗുർഗ്രാം: ബംഗാളില്‍ മോദിയുടെ ഝാല്‍മുരി ബ്രേക്ക്. റാലി പ്രസംഗങ്ങള്ക്കിടയിലെ ഇടവേളയിലാണ് നാടൻ രുചി തേടി പ്രധാനമന്ത്രി ചെറിയ കടയില്‍ എത്തിയത്. പശ്ചിമ ബംഗാളിലെ പുരുലിയ, ഝാർഗ്രാം, മേദിനിപൂർ, വിഷ്ണുപൂർ എന്നിവിടങ്ങളില്‍ ഞായറാഴ്ച നടന്ന നാല് വമ്ബൻ റാലികള്‍ക്കിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഗ്രാമിലെ ഒരു ചെറിയ കടയില്‍ ഝാല്‍മുരി കഴിക്കാൻ എത്തിയത്. “തിരക്കേറിയ ഞായറാഴ്ചയില്‍ ബംഗാളിലെ നാല് റാലികള്‍ക്കിടയില്‍ ഝാർഗ്രാമില്‍ നിന്ന് സ്വാദിഷ്ടമായ ഝാല്‍മുരി കഴിച്ചു,” എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
കടക്കാരനോട് ഝാല്‍മുരി ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്നാക്സ് കഴിച്ച ശേഷം പണം നല്കിയപ്പോള് കടക്കാരൻ ആദ്യം വിസമ്മതിച്ചെങ്കിലും പ്രധാനമന്ത്രി നിർബന്ധിച്ചതോടെ അദ്ദേഹം പണം സ്വീകരിക്കുകയായിരുന്നു. മലര്, ഉള്ളി, മുളക്, കടുക് എണ്ണ എന്നിവ ചേർത്തുണ്ടാക്കുന്ന ബംഗാളിലെ പ്രിയപ്പെട്ട വിഭവമാണ് ഝാല്‍മുരി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രുചി വിശേഷങ്ങള്‍ക്കിടയിലും രാഷ്ട്രീയ വിമർശനങ്ങളില്‍ മോദി ഒട്ടും പിന്നോട്ടു പോയില്ല. പാർലമെന്റിലെ 33 ശതമാനം സ്ത്രീ സംവരണത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എതിർത്തുവെന്നും ഇത് ബംഗാളിലെ സഹോദരിമാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിലെ പെണ്മക്കള് എംഎല്‍എമാരും എംപിമാരും ആകുന്നത് തൃണമൂല്‍ ഭയപ്പെടുന്നു. അവരുടെ ‘മഹാ ജംഗിള്‍ രാജിനെ’ സ്ത്രീകള്‍ വെല്ലുവിളിക്കുമെന്ന് അവർക്കറിയാമെന്നും ബങ്കുരയിലെ റാലിയില്‍ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രി മമത ബാനർജി പ്രതിരോധിച്ചത്. പാർലമെന്റിലും സംസ്ഥാന നിയമസഭയിലും ഏറ്റവും കൂടുതല്‍ വനിതാ പ്രതിനിധികളുള്ളത് തൃണമൂലിനാണെന്ന് മമത അവകാശപ്പെട്ടു. ലോക്സഭയില്‍ 37.9 ശതമാനവും രാജ്യസഭയില്‍ 46 ശതമാനവും വനിതകളെയാണ് തൃണമൂല്‍ നാമനിർദ്ദേശം ചെയ്തതെന്ന് അവർ എക്സില്‍ കുറിച്ചു.

