പട്ന : ബിഹാറില്‍ പുതിയ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. പട്നയില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സമ്രാട്ട് ചൗധരിക്കൊപ്പം വിജയ് ചൗധരിയും ബിജേന്ദ്ര യാദവും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള നരേന്ദ്ര മോദി ചടങ്ങിനെത്തിയില്ല. ബിഹാറില്‍ നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് സമ്രാട്ട് മുഖ്യമന്ത്രിയായത്. അതേസമയം നീതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ കാബിനറ്റിന്റെ ഭാഗമായില്ല.
രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്നലെ ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവക്കുകയായിരുന്നു. 20 കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതില്‍ നന്ദി പറഞ്ഞുകൊണ്ടാണ് നിതീഷിന്റെ പടിയിറക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുപത് കൊല്ലം ബീഹാറില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനായെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവർത്തിക്കാനായെന്നും നിതീഷ് കൂട്ടിച്ചേർത്തു. താൻ ബിഹാർ വിട്ടുപോകില്ലെന്നും എന്നും ബിഹാറിന്റെ മാർഗദർശിയായി തുടരുമെന്നും അദ്ദേഹം വിവരിച്ചു. പുതിയ സംസ്ഥാന സർക്കാരിന് തന്റെ സഹകരണവും മേല്‍നോട്ടവും ഉണ്ടാകുമെന്നും നിതീഷ് വ്യക്തമാക്കി. ബീഹാറിനായി പ്രധാനമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ നന്ദി അറിയിക്കുന്നതായും രാജിവച്ചതിന് പിന്നാലെ നിതീഷ് പ്രതികരിച്ചു.
ബിഹാറില്‍ എൻഡിഎ സഖ്യത്തെ അധികാരത്തില്‍ നിലനിർത്തുന്നതില്‍ നിർണ്ണായകമായിരുന്നു നിതീഷ് കുമാറിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍. നിതീഷിൻ്റെ രാജിയോടെ ബിഹാർ സർക്കാരിന്റെ നിയന്ത്രണം ബിജെപിയിലേക്ക് എത്തുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയൊരു ഘടനാപരമായ മാറ്റത്തിന് ഇത് വഴിയൊരുക്കുമെന്ന് ഉറപ്പാണ്.
സമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രി
നിതിഷിന്റെ പിൻഗാമിയായി എത്തുന്ന 57 വയസുകാരനായ സാമ്രാട്ട് ചൗധരി, രാകേഷ് കുമാർ എന്ന് വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ബിജെപിയുടെ സംസ്ഥാനത്തെ ശക്തമായ മുഖമായ ചൗധരി, താരാപൂരില്‍ നിന്നുള്ള എംഎല്‍എയാണ്. ഒബിസി മുഖം എന്ന നിലയില്‍ ബിജെപി വളർത്തിയെടുത്ത സമ്രാട്ട് ചൗധരി ബിജെപി സംസ്ഥാന അധ്യക്ഷനായടക്കം പ്രവർത്തിച്ചിട്ടുണ്ട്. സമതാ പാർട്ടി നേതാവ് ശകുനി ചൗധരിയുടെ മകനായ അദ്ദേഹം, 1990 ല്‍ ആർജെഡിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1999 ആർജെഡി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്നു. 2014 ല്‍ ആർജെഡിയില്‍ നടന്ന പിളർപ്പിന് പിന്നിലെ സൂത്രധാരനായിരുന്നു. 2018 ആർജെഡി വിട്ട് ബിജെപിയിലെത്തി. 2021 മുതല്‍ നിതീഷ് കുമാർ മന്ത്രിസഭയില്‍ അംഗമായിരുന്നു. ബിഹാർ ആഭ്യന്തരമന്ത്രിയായിരുന്ന സമ്രാട്ട് ചൗധരി, ഉപ മുഖ്യമന്ത്രി പദത്തില്‍ നിന്നാണ് സംസ്ഥാനത്തെ നയിക്കാനെത്തുന്നത്.

