ഇനി കേരളം ഭരിക്കാന്‍ പോകുന്നത് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും ; പിണറായി സര്‍ക്കാരിനെയും കമ്യൂണിസ്റ്റ് മാടമ്പിത്തരത്തെയും കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കും: കെ സുരേന്ദ്രൻ 

തിരുവനന്തപുരം: ബി.ജെ.പി. ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തി. ഇനി കേരളം ഭരിക്കാന്‍ പോകുന്നത് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവുമായിരിക്കുമെന്ന് കെ.സുരേന്ദ്രന്‍. ബി.ജെ.പി. സംസ്ഥാന വിശാല നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ സര്‍ക്കാരിനെയും. കമ്യൂണിസ്റ്റ് മാടമ്പിത്തരത്തെയും കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കും. കഴിഞ്ഞ ഏഴുപതിറ്റാണ്ടു കാലത്തെ കേരള രാഷ്ട്രീയത്തിന്റെ പ്രയാണത്തില്‍ വഴിത്തിരിവ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പോടെ ഉണ്ടായിരിക്കുകയാണ്. കേരളത്തില്‍ ഇതുവരെ എല്‍.ഡി.എഫ്. അല്ലെങ്കില്‍ യു.ഡി.എഫാണ് വിജയിച്ചു വന്നിരുന്നത്. 

Advertisements

എന്നാല്‍, കേരളത്തില്‍ ഇവരെ കൂടാതെ മൂന്നാമതൊരു മുന്നണിയെക്കൂടി കേരളത്തിലെ ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇരു മുന്നണികളേയും പിന്തള്ളിയുള്ള അത്യുജ്ജ്വല വിജയം. ഇതു കേരളമാണ്. ഒരു മണ്ഡലത്തിലും ബി.ജെ.പി. ഒന്നാം സ്ഥാനത്തു പോയിട്ട് രണ്ടാം സ്ഥാനത്തു പോലും എത്തില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പറഞ്ഞിരുന്നത്. കോണ്‍ഗ്രസും ഇതാവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറയുന്നു. ഇത് കേരളമാണ്. ബി.ജെ.പി. ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തി. ഇനി കേരളം ഭരിക്കാന്‍ പോകുന്നത് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവുമായിരിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബി.ജെ.പി. ഒരിടത്തും ജയിക്കില്ലെന്ന് പറഞ്ഞ സി.പി.എമ്മിനും ബി.ജെ.പിക്കും പാര്‍ലമെന്റില്‍ ഒരു സീറ്റാണ്. ഇതു പറഞ്ഞ സി.പി.എമ്മിന്റെ വോട്ട് ഷെയറും ബി.ജെ.പിയുടെ വോട്ട് ഷെയറും രണ്ടോ മൂന്നോ വിരലുകളില്‍ എണ്ണാവുന്ന അത്ര ശതമാനമേയുള്ളൂ. ബി.ജെ.പി. കേരളത്തില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച്‌ മുന്നോട്ടു വരികയാണ്. അമിതമായി ആഹ്ലാദിക്കാനുള്ള സമയമല്ല. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള വികാരമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. പിണറായി വിജയന്റെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍, കൊലപാതക രാഷ്ട്രീയവും അഴിമതിയും അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ബി.ജെ.പിയോടാണ് ആവശ്യപ്പെടുന്നത്.

പിണറായി വിജയന്‍ സര്‍ക്കാരിനെയും കമ്യൂണിസ്റ്റ് മാടമ്പിത്തരവും കേരളത്തിന്റെ മണ്ണില്‍ നിന്നും കെട്ടുകെട്ടിച്ച്‌ ദേശീയതയുടെ ഗംഗാപ്രവാഹം കേരളത്തില്‍ ഒഴുക്കാനുള്ള ഭഗീരഥ ദൗത്യമാണ് കേരളത്തിലെ വോട്ടര്‍മാര്‍ ബി.ജെ.പിക്ക് നല്‍കിയിട്ടുള്ളത്. കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയ്ക്ക് കോട്ടം തട്ടുമ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്നത് അവരുടെ സ്വഭാവമാണ്. ഭൂരിപക്ഷ സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങളാണെന്ന് കണ്ട സി.പി.എം. നേതാക്കള്‍ അവരെ ഭീഷണിപ്പെടുത്തി വരുതിക്ക് വരുത്താനാണ് ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വി സ്വയംകൃതാനര്‍ത്ഥമാണെന്ന് പിണറായി വിജയനും എം.വി. ഗോവിന്ദനുമൊക്കെ മനസ്സിലാക്കണം. മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ല. നേതാക്കന്മാരുടെ തെറ്റുകള്‍ തിരുത്തണം. ആലപ്പുഴയിലെ കളകളെല്ലാം പറിച്ചു മാറ്റുമെന്ന് ഇന്നലെ ഒരു നേതാവ് പറഞ്ഞു. ആദ്യം പറിച്ചുമാറ്റേണ്ടത് പിണറായിയിലെ പാറപ്പുറത്തെ കളയാണ്. ആ ഇത്തിള്‍ക്കണ്ണിയെയാണ്. നാട്ടിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയും കുടുംബവാഴ്ചയും തീവെട്ടിക്കൊള്ളയുമാണ് സി.പി.എമ്മിന്റെ പതനത്തിന് ആക്കം കൂട്ടിയത്. ആ കള പറിക്കാനുള്ള ധൈര്യം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്കുണ്ടോയെന്ന് കെ. സുരേന്ദ്രന്‍ ചോദിച്ചു.

Hot Topics

Related Articles