മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ നായകമാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ക്കിടയില്‍, 2017-ല്‍ എം.എസ്. ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ സംബന്ധിച്ച നിർണ്ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ധോണി സ്ഥാനമൊഴിഞ്ഞതെന്നും അതിനായി അദ്ദേഹം ഒരു ഇമെയില്‍ അയച്ചിരുന്നുവെന്നുമാണ് മുൻ സെലക്ഷൻ കമ്മിറ്റി അംഗം ജതിൻ പരഞ്ജ്പെ വെളിപ്പെടുത്തിയത്.
2014-ല്‍ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും പരിമിത ഓവർ ക്രിക്കറ്റില്‍ ധോണി തന്നെയായിരുന്നു ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ 2017-ല്‍ നായകസ്ഥാനം മാറാനുള്ള സമയമായെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. അന്നത്തെ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദും ജതിൻ പരഞ്ജ്പെയും ചേർന്ന് പരിശീലനത്തിനിടെയാണ് ധോണിയെ കാണാൻ പോയത്. ‘ഏകദേശം ഒരു മണിക്കൂറോളം മഹി ബാറ്റിംഗ് തുടർന്നു. ഞങ്ങള്‍ പരസ്പരം നോക്കി നില്‍ക്കുകയായിരുന്നു. വളരെ ബഹുമാനത്തോടെ എങ്ങനെ ഇക്കാര്യം അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ തയ്യാറെടുത്തിരുന്നു,’ പരഞ്ജ്പെ ഓർത്തെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥാനമൊഴിയാൻ സമയമായെന്ന് പറഞ്ഞപ്പോള്‍ ധോണി ഒട്ടും നീരസം പ്രകടിപ്പിച്ചില്ല. പകരം എം.എസ്.കെ പ്രസാദിനെ നോക്കി അദ്ദേഹം പറഞ്ഞു: ‘അണ്ണാ, ഇതൊരു ശരിയായ തീരുമാനമാണ്. എന്നില്‍ നിന്ന് എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞാല്‍ മതി.’ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് രേഖാമൂലം (ഇമെയില്‍) അറിയിക്കാൻ സെലക്ടർമാർ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് സന്തോഷത്തോടെ സമ്മതിച്ചു. അന്ന് രാത്രി വൈകി ‘ഞാൻ സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നു’ എന്ന ഇമെയില്‍ ബിസിസിഐക്ക് ലഭിച്ചു.
പുതിയ നായകനായി എത്തുന്ന വിരാട് കോഹ്‌ലിക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ധോണി ഉറപ്പുനല്‍കി. ‘വിരാട് എനിക്ക് സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായവും എന്റെ അനുഭവസമ്പത്തും ഞാൻ നല്‍കും. നമുക്കൊരു മികച്ച ടീമിനെ കെട്ടിപ്പടുക്കാം,’ എന്നായിരുന്നു ധോണിയുടെ വാക്കുകള്‍.
എന്തായാലും അദ്ദേഹം പറഞ്ഞത് പോലെ തന്നെ കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിലും മികച്ച പ്രകടനം നടത്തി അദ്ദേഹത്തിന് പിന്തുണ കൊടുത്ത താരം 2019 ഏകദിന ലോകകപ്പ് സെമിഫൈനല്‍ വരെ ടീമിന്റെ ഭാഗമായി തുടർന്നു.


