വാഷിങ്ണ്‍: ഇറാനുമേലുള്ള സമ്മർദം ശക്തമാക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ലക്ഷ്യമാക്കി രണ്ടാമത്തെ പടക്കപ്പല്‍ അയച്ചു. ഇറാനുമായി ആണവ വിഷയത്തില്‍ ധാരണയില്‍ എത്തിയില്ലെങ്കില്‍ പടക്കപ്പല്‍ ആവശ്യം വരുമെന്ന് ട്രംപ് പ്രതികരിച്ചു. ധാരണയില്‍ എത്തിയാല്‍ പിൻവലിക്കാമല്ലോയെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ജെറാള്‍ഡ് ആർ ഫോർഡാണ് പുതിയതായി അയക്കുന്നത്. നേരത്തെ എബ്രഹാം ലിങ്കണ്‍ എന്ന കപ്പലിനെ പശ്ചിമേഷ്യയിലേക്ക് അയച്ചിരുന്നു.
വെനസ്വേലയുടെ പ്രസിഡന്‍റ് മഡുറോയെ പിടികൂടിയ ദൌത്യത്തിന്‍റെ ഭാഗമായിരുന്ന അതേ കപ്പലാണ് ജെറാള്‍ഡ് ആർ ഫോർഡ്. 60 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 75 വിമാനങ്ങളെ വരെ വഹിക്കാൻ ഈ കപ്പിലിന് കഴിയും. യുഎസ് പ്രത്യേക ദൂതൻ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഒമാനില്‍ നടത്തിയ ചർച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ കരാറില്‍ എത്താൻ കഴിഞ്ഞില്ലെങ്കില്‍ പ്രതികരണം ഉണ്ടാവുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ ചർച്ചകളുമായി മുന്നോട്ടു പോകാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. എന്നാല്‍ അടുത്ത ഘട്ട ചർച്ചയുടെ തിയ്യതിയോ വേദിയോ ഇതുവരെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെ ഇറാനെതിരെ കർശന കരാർ വേണമെന്ന ആവശ്യവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം വൈറ്റ് ഹൌസില്‍ എത്തിയിരുന്നു. ഇറാനുമായുള്ള ചർച്ചയില്‍ ധാരണയില്‍ എത്താൻ ആകുമോ എന്നതില്‍ നെതന്യാഹു സംശയം പ്രകടിപ്പിച്ചു. ട്രംപ് തന്നോട് അഭിപ്രായം ചോദിച്ചെന്നും താൻ നിലപാട് അറിയിച്ചെന്നും നെതന്യാഹു വ്യക്തമാക്കി.
ട്രംപും നെതന്യാഹുവും വൈറ്റ് ഹൗസില്‍ മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനുമായുള്ള ആണവ ചർച്ചകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളുമാണ് പ്രധാനമായും വിഷയമായത്. ഇറാനുമായി നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. ഇറാനുമായി നിലവില്‍ നടക്കുന്ന നയതന്ത്ര ചർച്ചകള്‍ തുടരണമെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഇറാൻ – അമേരിക്ക ചർച്ചയില്‍ ധാരണയില്‍ എത്താൻ ആകുമോ എന്നതില്‍ നെതന്യാഹു സംശയം പ്രകടിപ്പിച്ചു.


