മാസപ്പടി കേസ്: എക്‌സാലോജികുമായുള്ള ഇടപാടിന്‍റെ പൂർണ രേഖകൾ സിഎംആർഎൽ കൈമാറുന്നില്ലെന്ന് ഇഡി;  സുരേഷ് കുമാറിനെ ഇന്നും ചോദ്യംചെയ്യും

കൊച്ചി: മാസപ്പടി കേസിൽ എക്‌സാലോജികുമായുള്ള ഇടപാടിന്‍റെ പൂർണ രേഖകൾ സിഎംആർഎൽ കൈമാറുന്നില്ലെന്ന് ഇഡി. കരാർ രേഖകളടക്കം കൈമാറിയില്ലെന്ന് ഇഡി പറയുന്നു. ഇഡി ആവശ്യപ്പെട്ടത് സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാർ രേഖകളുമാണ്. ചീഫ് ഫിനാൻസ് മാനേജർ പി സുരേഷ് കുമാർ കരാർ രേഖ ഹാജരാക്കിയില്ല. സുരേഷ് കുമാറിനെ ഇന്നും ചോദ്യംചെയ്യും. 

ആവശ്യപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പിന്‍റെ ഇന്‍ററിം സെറ്റില്‍മെന്‍റ് ബോർഡ് പരിശോധിക്കുകയും തീർപ്പാക്കുകയും ചെയ്തതാണെന്നാണ് സുരേഷ് കുമാർ ചോദ്യംചെയ്യലിൽ പറഞ്ഞത്. അങ്ങനെ തീർപ്പാക്കിയ കേസിന്‍റെ രേഖകള്‍ കൈമാറാൻ സാധിക്കില്ലെന്ന മറുപടിയാണ് നൽകിയത്. എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നതെന്ന് ഇഡി പറയുന്നു. സുരേഷ് കുമാറിനെയും മുൻകാഷ്യർ വാസുദേവനെയും ഇന്നും ചോദ്യംചെയ്യും.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ മാസപ്പടി കേസിൽ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. മാസപ്പടി കേസ് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ കൈമാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. 

വനിതാ ജീവനക്കാരിയെ അടക്കം ഇഡി  24 മണിക്കൂർ നിയമവിരുദ്ധ കസ്റ്റഡിയിൽ വെച്ചെന്ന പരാതിയും സിഎംആർഎൽ കോടതിയിൽ ഉന്നയിച്ചു. വനിതാ ജീവനക്കാരിയെ ഇഡി രാത്രി കസ്റ്റഡിയിൽ വെച്ചെന്നാണ് പരാതി. ചോദ്യംചെയ്യലിന്‍റെ  സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാൻ നിർദ്ദേശിക്കണമെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ വനിതാ ജീവനക്കാരിയെ വനിത ഉദ്യോഗസ്ഥയാണ് ചോദ്യം ചെയ്തതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാൻ കമ്പനി എംഡി ശശിധരൻ കർത്ത മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടുണ്ട്. ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.

Hot Topics

Related Articles