കോഴിക്കോട്: നിപ മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇന്നും, നാളെയും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ഉത്തരവിട്ടിട്ടുണ്ട്.
അതേ സമയം, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ ബാധിച്ചു ചികിൽസയിൽ കഴിയുന്ന യുവാവിൻ്റെ നില മെച്ചപ്പെട്ടു. പനി മാറി, അണുബാധയും കുറഞ്ഞു. എന്നാൽ 9 വയസ്സുകാരൻ്റെ നില ഗുരുതരമായി തുടരുകയാണ്. നേരത്തെ കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകൾ 3 ആയി. ആദ്യം മരിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപെട്ടയാളാണ് ഇപ്പോള്‍ നിപ സ്ഥിരീകരിച്ചിട്ടുള്ള വ്യക്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് മേഖലകളും പ്രഖ്യാപിച്ചു. ജില്ലയിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.