കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഓക്സിജൻ സിലിണ്ടറുമായി എത്തിയ പിക്കപ്പ് വാൻ അടിച്ചു തകർത്തു ; ഏറ്റുമാനൂർ സ്വദേശി അറസ്സിൽ

ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഓക്സിജൻ സിലിണ്ടറുമായി എത്തിയ പിക്കപ്പ് വാൻ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.  ഏറ്റുമാനൂർ കുഴിപ്പറമ്പ് ഭാഗത്ത് കൊമ്പനായിൽ കുഴിപ്പറമ്പിൽ വീട്ടിൽ  അനീഷ് കുമാർ (35) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിനെ 12:45 മണിയോടുകൂടി കുഴിപ്പറമ്പ് കോളനി ഭാഗത്ത് വച്ച്  ഏറ്റുമാനൂർ കുഴിപ്പറമ്പ് കോളനി സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന  പിക്കപ്പ്‌ വാഹനം കല്ല്‌ ഉപയോഗിച്ച് അടിച്ചു തകർക്കുകയും, ഡ്രൈവറെ ചീത്തവിളിക്കുകയും, കൊല്ലുംമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

അനീഷ് കുമാറിന്റെ വീട്ടിൽ കാറിൽ എത്തിയ ഇവരുടെ സുഹൃത്തുക്കൾ വാഹനം റോഡില്‍ പാർക്ക് ചെയ്യുകയും, തുടർന്ന് ഇവർ ഒരുമിച്ച് കാറിൽ ഇവിടെ നിന്ന് പോവുകയുമായിരുന്നു. പിന്നീട് തിരികെയെത്തിയ ഇവർ തങ്ങളുടെ വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് ഓക്സിജൻ സിലിണ്ടറുമായി എത്തിയ പിക്കപ്പ്‌ വാഹനം കാണുകയും, തുടർന്ന് വാഹനം കല്ലുകൾ കൊണ്ട്  തകര്‍ക്കുകയും, ഡ്രൈവറെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എ.എസ്.ഐ സജി പി.സി, സി.പി.ഓ മാരായ ഡെന്നി, അജിത്ത് എം.വിജയൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

Hot Topics

Related Articles