കാളികാവ്: മലയോര ഹൈവേയ്ക്ക് ഇപ്പുറവും അപ്പുറവും കാടുമൂടിയ ഭൂമിയിലായി കടുവയുടെ സാന്നിധ്യം ഭീതിപരത്തുന്നു. പാറക്കടവിൽ റബർ ടാപ്പിംഗിന് എത്തിയ തൊഴിലാളിയെ നേരിട്ട് കടുവയെന്ന തോന്നിപ്പിക്കുന്ന രൂപം നേരേ പാഞ്ഞെത്തിയെന്നാണ് വിവരം. ചോക്കാട് കല്ലാമൂല സ്വദേശി പുളിവെട്ടിക്കാവിൽ ദാസനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.സംഭവം നടന്നത് കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു. തോട്ടത്തിൽ ടാപ്പിംഗ് ചെയ്യുന്നതിനിടെയാണ് ദാസൻ കടുവയെ കണ്ടത്. “അടുത്തേക്ക് വന്നപ്പോൾ തന്നെ നേരെ പാഞ്ഞെത്തി. ഭാഗ്യം, സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറിപ്പറ്റിയതിനാൽ രക്ഷപ്പെടാനായി,” എന്നാണ് ദാസന്റെ വിവരണം.
അതേ തോട്ടത്തിൽ തന്നെ നെല്ലിക്കോടൻ ജനാർദ്ദനൻ ദിവസങ്ങൾക്ക് മുമ്പും കടുവയെ കണ്ടതായി പറഞ്ഞിരുന്നു. എന്നാൽ അന്ന് കാര്യമായി ആരും എടുത്തില്ല.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും, കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. കടുവയെ കണ്ടതായി പറയുന്ന റബർ തോട്ടത്തിന് സമീപത്ത് കേസിൽപ്പെട്ട് കിടക്കുന്ന ഏക്കർ കണക്കിന് കാടുകൾ വ്യാപിച്ചുകിടക്കുന്നു. ഇവിടെയാണ് കടുവ താമസിക്കുന്നതാകാമെന്ന് നാട്ടുകാർ കരുതുന്നു.മാസങ്ങൾക്ക് മുമ്പ് സമീപത്തെ റാവുത്തൻ കാട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ വക വരുത്തിയിരുന്നു. അതേ പ്രദേശത്ത് കാട്ടുപന്നികളുൾപ്പെടെയുള്ള ജഡങ്ങളും കണ്ടെത്തിയിരുന്നു. അടക്കാക്കുണ്ട് എഴുപതേക്കറിൽ ഒരു പശുവിനെ കടുവ കൊന്നു തിന്ന സംഭവവും നാട്ടുകാർക്ക് ഇന്നും ഓർമ്മയിലാണ്.മാമ്പറക്കുന്ന്, എസ്.സി നഗരം ഉൾപ്പെടെയുള്ള ജനവാസ മേഖലകളിലേക്കും കടുവയുടെ സാന്നിധ്യം വ്യാപിച്ചിരിക്കുന്നുവെന്ന ആശങ്ക ശക്തമാണ്. നാട്ടുകാരുടെ ഭയം അകറ്റാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം മുനീർ കുരിക്കൽ ആവശ്യപ്പെട്ടു.നിലവിൽ ഭീഷണി ഏറ്റവുമധികം നേരിടുന്നത് റബർ ടാപ്പിംഗ് തൊഴിലാളികളാണ്.