അഫ്ഗാൻ : പടിഞ്ഞാറൻ അഫ്ഗാനിസ്താനിലുണ്ടായ തുടർച്ചയായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. ശനിയാഴ്ചയാണ് അതിർത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളും ഉണ്ടായത്. പ്രധാന നഗരമായ ഹെറാത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയിൽ ഏഴോളം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നൽകുന്ന വിവരം.
ഭൂകമ്പത്തിൽ 465 വീടുകൾ തകരുകയും 135 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ട്. “നിർഭാഗ്യവശാൽ, മരണനിരക്ക് വളരെ കൂടുതലാണ്…മരണസംഖ്യ ആയിരത്തിലധികം കവിഞ്ഞു”-സർക്കാർ വക്താവ് ബിലാൽ കരിമി എഎഫ്‌പിയോട് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ദേശീയ ദുരന്ത അതോറിറ്റി വക്താവ് പ്രതികരിച്ചു.