ചെന്നൈ: തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വീട്ടിൽ വീണ്ടും എൻഫോഴ്സ്മെന്റ് റെയ്ഡ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒൻപത് ഇടങ്ങളിലാണ് പരിശോധന. സിആർപിഎഫിന്റെ സുരക്ഷയിലാണ് റെയ്ഡ് നടക്കുന്നത്.
രാവിലെ ഏഴ് മണി മുതലാണ് പരിശോധന തുടങ്ങിയത്. മന്ത്രി കെ .പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഏത് കേസിലാണ് അന്വേഷണമെന്ന് വ്യക്തമല്ല. മന്ത്രിക്കെതിരെ പത്ത് വർഷത്തിലേറെ പഴക്കമുള്ള കേസുകൾ നിലവിലുണ്ട്. ഇവയിൽ രണ്ട് കേസുകളിൽ അടുത്തിടെ ഇദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഖനിവകുപ്പ് അഴിമതി കേസിൽ അദ്ദേഹത്തിനെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകനും എംപിയുമായ ഗൗതം ശിവമണിക്കെതിരെയും കേസുകൾ നിലവിലുണ്ട്.
മുഖ്യമന്ത്രി സ്റ്റാലിൻ ബംഗളൂരുവിലേക്ക് പ്രതിപക്ഷ യോഗത്തിന് പോയതിന് പിന്നാലെയാണ് നടപടി. റെയ്ഡ് നടക്കുന്ന വീട്ടിൽ മന്ത്രിയും മകനുമുണ്ട്. മന്ത്രിയുടെ ഔദ്യോഗിക വസതിയടക്കം ഒൻപത് ഇടത്തും അന്വേഷണം നടക്കുന്നുണ്ട്.
തമിഴ്നാട്ടിലെ ഏറ്റവും വലിയ ജില്ലയാണ് വിഴുപ്പുറം ജില്ല. ഇവിടെ നിന്നുള്ള ഏറ്റവും ശക്തനായ നേതാവാണ് കെ പൊന്മുടി. മുൻപ് കോളേജ് അധ്യാപകനായിരുന്ന ഇദ്ദേഹം ആ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. ആറ് തവണയാണ് ഇദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.