വാഷിംഗ്ടണ്‍: ജെഫ്രി എപ്സ്റ്റീൻ വിദേശ വനിതകളെ യുഎസില്‍ നിർത്താൻ ഉപയോഗിച്ചിരുന്ന തന്ത്രങ്ങള്‍ പുറത്തുവിട്ട് അമേരിക്കൻ നീതിന്യായ വകുപ്പ്. സ്റ്റുഡൻഡ് വിസ, ഇംഗ്ലീഷ് ഭാഷാ കോഴ്സുകള്‍, വ്യാജ വിവാഹങ്ങള്‍ തുടങ്ങിയ മാർഗങ്ങള്‍ ഇതിനായി ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച തെളിവുകളും രേഖകളും അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീന്റെ ഇ-മെയിലില്‍ ഇതുസംബന്ധിച്ച നിരവധി തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. മെസേജുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ എന്നിവയിലും ഇതുസംബന്ധിച്ച തെളിവുകളുണ്ട്. ഇതിലെ പ്രധാന കേസാണ് എപ്സ്റ്റീന്റെ പെണ്‍സുഹൃത്ത് കരീന ഷുലിയാക്കിന്റേത്. ഇവരായിരുന്നു എപ്സ്റ്റീന്റെ അവസാന കാമുകിയെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
വിസ പ്രശ്നങ്ങള്‍ നേരിട്ട 2012-13 കാലഘട്ടത്തില്‍ ഷുലിയാക്കിനായി എപ്സ്റ്റീൻ തന്റെ സ്വാധീനവലയം ഉപയോഗിച്ച് ഇമിഗ്രേഷൻ സഹായം തേടിയിരുന്നു. വൈറ്റ് ഹൗസ് മുൻ നിയമോപദേശകൻ ഗ്രെഗ് ക്രെയ്ഗ്, യുഎസ് ഇമിഗ്രേഷൻ മേധാവിയായിരുന്ന അലെക്സാണ്ട്രോ മയോർക്കസ് എന്നിവരുടെ പേരുകള്‍ ഇ-മെയില്‍ സന്ദേശങ്ങളില്‍ പരാമർശിച്ചിട്ടുണ്ട്. സ്റ്റുഡന്‍ഡ് വിസ കാലാവധി അവസാനിച്ചതോടെ ഷുലിയാക്ക് യുഎസ് പൗരനെ വിവാഹം ചെയ്ത് ഗ്രീൻ കാർഡും പിന്നീട് പൗരത്വവും നേടിയിരുന്നു. പിന്നാലെ അവർ വിവാഹമോചനം നേടി.


