ചെറിയ പെരുന്നാൾ ;യു എ ഇ യിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച്‌ യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം തിങ്കളാഴ്ചയാണ് സ്വകാര്യ മേഖലാ ജീവനക്കാരുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചത്.സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവർക്ക് നാലു ദിവസം പെരുന്നാള്‍ അവധി ലഭിക്കും. റമദാൻ 29 തിങ്കള്‍ (ഏപ്രില്‍ 8) മുതല്‍ ശവ്വാല്‍ 3 വരെയാണ് അവധി ലഭിക്കുക. അതേസമയം യുഎഇ സർക്കാർ പൊതുമേഖലാ ജീവനക്കാർക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒൻപത്‌ ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക.

ഞായറാഴ്ചയാണ് യുഎഇ സർക്കാർ പൊതുമേഖലാ ജീവനക്കാർക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം പുനരാരംഭിക്കുക. ശനിയും ഞായറും യുഎഇയില്‍ ഔദ്യോഗിക വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാർക്ക് ഒമ്ബത് ദിവസത്തെ അവധി ലഭിക്കും.ശവ്വാല്‍ ഒന്നിനാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രില്‍ എട്ട് മുതല്‍ അവധി ആരംഭിക്കും. രാജ്യത്ത് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ അവധിയായിരിക്കുമിത്. പൊതുമേഖലാ ജീവനക്കാർക്ക് ഒരാഴ്ച നീളുന്ന ചെറിയ പെരുന്നാള്‍ അവധി ഷാർജയും ദുബൈയും പ്രഖ്യാപിച്ചിട്ടുണ്ട്.

Hot Topics

Related Articles