ആനച്ചോറിനായി പകരം പോയത് കൊലച്ചോറായി… ! വൈക്കത്ത് പിടിയാന ചവിട്ടിക്കൊന്ന പരുത്തുംപാറ സ്വദേശി ആനപ്പണിക്കായി പോയത് ഒറ്റ ദിവസത്തേക്ക് : അച്ഛൻറെ മരണത്തെ തുടർന്ന് ആനപ്പണിയിൽ നിന്നും വിട്ടുനിന്ന സാമിച്ചൻ്റെ ജീവനെടുത്തത് ആനക്കലി 

കോട്ടയം : മറ്റൊരു പാപ്പാനു പകരം പണിക്കായി പിടിയാനയെ നയിച്ചു നടന്ന സാമിച്ചന്റെ ജീവൻ ആനയെടുത്തു. ഒരൊറ്റ ദിവസത്തേക്ക് ആനപ്പണിക്കായി പകരം പോയ യുവാവിനെയാണ് വൈക്കത്ത് ക്ഷേത്രത്തിലെ പരിപാടിക്ക് പിടിയാന ചവിട്ടിക്കൊന്നത്.  പനച്ചിക്കാട് പത്താമുട്ടം ചിറയിൽ വീട്ടിൽ അരവിന്ദ് (സാമിച്ചൻ – 25) ആണ് ഇന്ന് വൈക്കം ടി വി പുരത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റുമരിച്ചത്. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്  എത്തിച്ച തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് എഴുന്നള്ളിപ്പിന് ഇടയിൽ ഇടഞ്ഞ് പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ തള്ളിയിട്ട ശേഷം ചവിട്ടിയത്. ഉടൻ തന്നെ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ഓണത്തിനാണ് അരവിന്ദിന്റെ പിതാവ് മനോജ് മരിച്ചത്. ഇതേ തുടർന്ന് ആനപ്പണി ഒഴിവാക്കിയ സാമിച്ചൻ, മറ്റു ജോലികളുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മറ്റൊരു പാപ്പാനു പകരമായി ആനക്കൊപ്പം പോകാൻ വിളിച്ചത്. ഇന്നലെ ഒരൊറ്റ ദിവസത്തേക്ക് മാത്രമായാണ് സാമിച്ചൻ ആനയെ നോക്കാനായി പോയതെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടി കൊല്ലുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മാതാവ് : മിനി , സഹോദരി കാവ്യ. 

Hot Topics

Related Articles