കോട്ടയം: അമൽ ജ്യോതി കോളേജിൽ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് മരിച്ച ശ്രദ്ധയുടെ കുടുംബം രംഗത്ത്. ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഇന്ന് കോട്ടയം എസ്‌പി വെളിപ്പെടുത്തിയ തെളിവ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരൻ ആരോപിച്ചു. മുൻപ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുക ആയിരുന്നു എന്ന് ഇവർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ വിളിക്കാനോ സംസാരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്ന് അച്ഛനും സഹോദരനുമടക്കം ബന്ധുക്കൾ കുറ്റപ്പെടുത്തി. കോളേജ് മാനേജ്മെന്റിനെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. മാനേജ്മെന്റ് ശ്രദ്ധയെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുപോലെ, ശ്രദ്ധയുടെ മരണത്തെ തുടർന്ന് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സർക്കാർ നടപടിയെയും കുടുംബം എതിർത്തു.
മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനാണ് തങ്ങൾ ശ്രമിക്കുന്നത്. ശ്രദ്ധയുടെ ആത്മഹത്യയും തുടർന്നുണ്ടായ പ്രതിഷേധത്തെയും വർഗീയവത്കരിക്കാനാണ് കോളേജ് മാനേജ്മെന്റിന്റെ ശ്രമം.
മാനേജ്മെന്റ് ഒരുക്കുന്ന കെണിയിൽ സർക്കാർ വീണു പോവുകയാണ്. പ്രശ്നത്തിൽ കോടതിയെ സമീപിക്കാനാണ് കുടുബത്തിന്റെ ആലോചന. ശ്രദ്ധയുടേത് ആത്മഹത്യ എന്ന് വരുത്തി തീർക്കാനുള്ള പൊലീസ് നീക്കം അംഗീകരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി.