വാഷിംഗ്ടണ്‍: വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ അധിക നികുതികള്‍ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, പിരിച്ചെടുത്ത കോടിക്കണക്കിന് ഡോളർ തിരികെ ആവശ്യപ്പെട്ട് സംസ്ഥാനങ്ങളും വൻകിട കമ്പനികളും രംഗത്തെത്തി. ഇലിനോയി ഗവർണറും ഡെമോക്രാറ്റിക് നേതാവുമായ ജെ ബി പ്രിറ്റ്സ്കർ തന്റെ സംസ്ഥാനത്തെ കുടുംബങ്ങള്‍ക്കായി ഏകദേശം 900 കോടി ഡോളറിന്റെ ‘ഇൻവോയ്സ്’ ട്രംപിന് അയച്ചു. ട്രംപിന്റെ നിയമവിരുദ്ധമായ നികുതി നയം കർഷകരെ തകർക്കുകയും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമാവുകയും ചെയ്തുവെന്ന് പ്രിറ്റ്സ്കർ കുറ്റപ്പെടുത്തി. ഓരോ ഇലിനോയി കുടുംബത്തിനും ശരാശരി 1,700 ഡോളർ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഭരണകൂടം ഇതുവരെ പിരിച്ചെടുത്ത 13,300 കോടി ഡോളർ (133 ബില്യണ്‍) എങ്ങനെ തിരികെ നല്‍കുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. തിരിച്ചടവ് തുക ഏകദേശം 17,500 കോടി ഡോളർ വരെ ഉയർന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സാധാരണക്കാർക്ക് ഈ പണം നേരിട്ട് ലഭിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. പണം കമ്പനികള്‍ക്ക് തിരികെ നല്കിയാലും, അവർ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയ അധികവില ജനങ്ങള്‍ക്ക് തിരികെ ലഭിക്കില്ലെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൂചിപ്പിച്ചു. തിരിച്ചടവ് നടപടികള്‍ വർഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന നിയമപോരാട്ടങ്ങള്‍ക്ക് വഴിവെക്കുമെന്ന് ട്രംപും സമ്മതിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സങ്കീർണമായ പ്രശ്നം
തിരിച്ചടവ് പ്രക്രിയ അതീവ സങ്കീർണ്ണവും ‘നരകതുല്യമായ കുഴപ്പവും’ ആയിരിക്കുമെന്ന് കോടതി വിധിയില്‍ വിയോജനക്കുറിപ്പ് എഴുതിയ ജസ്റ്റിസ് ബ്രെറ്റ് കവനോ മുന്നറിയിപ്പ് നല്കി. കോസ്റ്റ്കോ, റെവ്ലോണ് തുടങ്ങിയ വൻകിട കമ്പനികള്‍ പണം തിരികെ ലഭിക്കാനായി ഇതിനകം തന്നെ കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവിലുള്ള കസ്റ്റംസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പണം തിരികെ നല്കാൻ ശ്രമിച്ചാലും ആയിരക്കണക്കിന് കമ്പനികള്‍ ഒരേസമയം അപേക്ഷയുമായി എത്തുന്നത് വലിയ ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കും. വരും മാസങ്ങളില്‍ ഈ നികുതിപ്പണത്തെച്ചൊല്ലിയുള്ള ശക്തമായ നിയമയുദ്ധങ്ങള്‍ക്കായിരിക്കും അമേരിക്കൻ കോടതികള്‍ സാക്ഷ്യം വഹിക്കുക.


