തിരിച്ചടി കിട്ടിയിട്ടും ജർമ്മനി ഒന്നാമത്; രണ്ടാം സ്ഥാനവുമായി കോട്ട് ദി ഐവറി; അട്ടിമറിയുമായി ഇക്വഡോർ; ഗ്രൂപ്പ് ഇയിൽ നിന്നും രണ്ടാം റൗണ്ട് ഉറപ്പിച്ച മൂന്ന് ടീമുകൾ ഇവർ

ന്യൂജേഴ്‌സി: തിരിച്ചടി കിട്ടിയിട്ടും ഗ്രൂപ്പിൽ ഒന്നാമത് എത്തി ജർമ്മനി. രണ്ടാം സ്ഥാനവുമായി കോട്ട് ദി ഐവറിയും, അട്ടിമറിയുമായി ഇക്വഡോറും. ഒരു ജയം പോലുമില്ലാതെ പുറത്തായി കുക്കാറോയും. നാലു ടീമുകളുടെയും മൂന്ന് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ ഗ്രൂപ്പ് ഇയിൽ നിന്നും മൂന്നു ടീമുകളാണ് രണ്ടാം റൗണ്ടിൽ എത്തിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ വൻ വിജയം നേടിയ ജർമ്മനിയ്ക്ക് ഇക്വഡോർ ഷോക്ക് നൽകിയെങ്കിലും, ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ജർമ്മനി രണ്ടാം റൗണ്ടിലേയ്ക്ക് മുന്നേറി. മൂന്നു മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ഒരു പരാജയവുമായി ആറു പോയിന്റാണ് ജർമ്മനിയ്ക്ക് നിലവിലുള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ഒരു പരാജയവുമായി കോട് ഡി ഐവറിയ്ക്കും ആറു പോയിന്റുണ്ട്. എന്നാൽ, കുക്കാറോയെയും, കോട് ഡി ഐവറിയെയും ഗോൾ മഴയിൽ മുക്കിയ ജർമ്മനിയെ ഗോൾ വ്യത്യാസം തുണയ്ക്കുകയായിരുന്നു. രണ്ടാം റൗണ്ടിലേയ്ക്ക് കടക്കാൻ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനാവാതെ ഇറങ്ങിയ ഇക്വഡോർ ജർമ്മിനിയെ അട്ടിമറിച്ചതോടെയാണ് മുന്നോട്ട് കുതിച്ചത്. ആകെയുള്ള മൂന്ന് മത്സരങ്ങളിൽ ഓരോ ജയവും സമനിലയും തോൽവിയും വഴങ്ങിയാണ് ഇക്വഡോർ നാലു പോയിന്റ് നേടിയത്. ഇതോടെ ഗ്രൂപ്പിൽ നിന്നും റൗണ്ട് ഓഫ് 32 വിലേയ്ക്കുള്ള ടീമുകളുടെ പട്ടിക പൂർത്തിയായി.

Advertisements

Hot Topics

Related Articles