ആലപ്പുഴ: യു.ഡി.എഫ് ഉറപ്പുനൽകിയ സ്ഥാനമാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ മാനസികനില തെറ്റിയ ജി. സുധാകരന് നല്ല ചികിത്സകൊടുക്കാൻ യു.ഡി.എഫും കെ.സി. വേണുഗോപാൽ എം.പിയും തയാറാകണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലസെക്രട്ടറി ജയിംസ് ശാമുവേൽ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണത്തെ ആക്ഷേപിച്ച ജി. സുധാകരൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നിലവാരത്തിലേക്ക് താഴ്ന്നു. ഹൃദയപൂർവംപദ്ധതിയെ അപമാനിച്ചവരും നിന്നിച്ചവരും കേരളത്തിന്റെ രാഷ്ട്രീയരംഗത്തുനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. അത് വരുംകാലങ്ങളിൽ ജി. സുധാകരനും ബോധ്യപ്പെടും. ജി. സുധാകരൻ പറയുന്ന വിവരക്കേടിനും വിഢിത്തത്തിനും ഡി.വൈ.എഫ്.ഐ മറുപടി പറയില്ല. മെഡിക്കൽകോളജ് ആശുപത്രിയിൽ ഭക്ഷണം നൽകുന്നതിന് രാഷ്ട്രീയമില്ല. ഡി.വൈ.എഫ്.ഐക്ക് രാഷ്ട്രീയവിദ്യാഭ്യാസം നൽകാൻ ജി. സുധാകരൻ വളർന്നിട്ടില്ല. അവസരവാദനിലപാട് സ്വീകരിച്ച് ജി. സുധാകരൻ മറ്റൊരുരാഷ്ട്രീയപാർട്ടിയിൽ അഭയംതേടിയയാളാണ്. പാർലമെന്ററി വ്യാമോഹത്തിന്റ പേരിൽ തന്നെ എല്ലാമാക്കിയ പ്രസ്ഥാനത്തെ തള്ളിപറഞ്ഞ് അധികാര കൊതി മൂത്ത് പുറത്തുപോയ ജി. സുധാകാരനിൽനിന്ന് പുതിയരാഷ്ട്രീയം പഠിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനസികനില തെറ്റിയ ജി.സുധാകരന് നല്ല ചികിത്സനൽകണം : ഡി.വൈ.എഫ്.ഐ


