ഇന്ത്യയിലെ ജാതി സ്ഥിതിവിവര കണക്കുകള്‍ അറിയേണ്ടത് പ്രധാനമുള്ള കാര്യം ; ജനസംഖ്യ ഉയരും തോറും അവകാശങ്ങള്‍ വര്‍ധിക്കും ; ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച്‌ രാഹുല്‍ ഗാന്ധി

ഡല്‍ഹി : രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഇന്ത്യയിലെ ജാതി സ്ഥിതിവിവര കണക്കുകള്‍ അറിയേണ്ടത് പ്രധാനമുള്ളതാണെന്ന് രാഹുല്‍ പറഞ്ഞു.

Advertisements

ജനസംഖ്യ ഉയരും തോറും അവകാശങ്ങള്‍ വര്‍ധിക്കും. ഇതാണ് തങ്ങളുടെ പ്രതിജ്ഞയെന്നും രാഹുല്‍ എക്സിലൂടെ ചൂണ്ടിക്കാട്ടി. ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്‍റെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് രാഹുല്‍ പ്രതികരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിഹാറിലെ ജാതി സെൻസസ് പ്രകാരം ഒ.ബി.സി, പട്ടിക ജാതി, പട്ടിക വര്‍ഗം എന്നീ വിഭാഗങ്ങള്‍ കൂടി 84 ശതമാനം വരും. കേന്ദ്ര സര്‍ക്കാറിലെ 90 സെക്രട്ടറിമാരില്‍ മൂന്നു പേര്‍ മാത്രമാണ് ഒ.ബി.സി വിഭാഗക്കാര്‍. ഇന്ത്യയുടെ ബജറ്റിന്‍റെ അഞ്ച് ശതമാനം കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്റെ കണക്കുകളാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ടത്. ജനസംഖ്യയിലെ 36.01 ശതമാനം അതി പിന്നാക്ക വിഭാഗക്കാരും 27.12 ശതമാനം പിന്നാക്ക വിഭാഗക്കാരും ആണെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 19.7 ശതമാനം പട്ടിക ജാതിയില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടികവര്‍ഗക്കാരുമാണ്. 15.52 ശതമാനമാണ് മുന്നാക്ക വിഭാഗം.

38 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ബിഹാറിലെ ആകെ ജനസംഖ്യ 13.07 കോടിയാണ്. ജനസംഖ്യയുടെ 63.12 ശതമാനവും അതിപിന്നാക്ക-പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒ.ബി.സി വിഭാഗക്കാരാണ്. ഇതില്‍ 14.27 ശതമാനം യാദവരാണ്. ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്‌മണര്‍ 3.66 ശതമാനം, മുശാഹര്‍ മൂന്ന് ശതമാനം എന്നിങ്ങനെയാണ് സെന്‍സെസ് പ്രകാരമുള്ള കണക്ക്.

സംസ്ഥാനത്തെ ഹിന്ദു മതവിശ്വാസികള്‍ 81.9986 ശതമാനമാണ്. മുസ്‍ലിം 17.70 ശതമാനം, ക്രിസ്ത്യാനികള്‍ – 0.0576, സിഖ് 0.0113, ബുദ്ധര്‍ 0.0851 ശതമാനം, ജൈനര്‍ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്. ഒ.ബി.സി സംവരണം 27 ശതമാനമായി ഉയര്‍ത്തുന്നത് ഉള്‍പ്പടെ ജാതിസെന്‍സസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. സെന്‍സസ് എല്ലാവര്‍ക്കും ഗുണകരമാകുമെന്നും ദരിദ്രരുള്‍പ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ജനുവരി ഏഴിനാണ് രണ്ടു ഘട്ടങ്ങളുള്ള സെൻസസ് ബിഹാര്‍ സര്‍ക്കാര്‍ ആരംഭിച്ചത്. ജാതി സെൻസസിനൊപ്പം ഓരോ കുടുംബത്തിന്റെയും സാമ്ബത്തിക സ്ഥിതിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles