കൊളംബോ: ഫൈനലിന് മുൻപ് ആത്മവിശ്വാസം തിരിച്ചു പിടിക്കാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ തോൽവി. സെഞ്ച്വറി നേടി വീരോചിതം പോരാട്ടം നയിച്ച ശുഭ്മാൻ ഗില്ലിനും ഇന്ത്യയെ രക്ഷിക്കാനായില്ല. അവസാന ഓവറിൽ ആറു റണ്ണിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
സ്‌കോർ
ബംഗ്ലാദേശ് – 265-8
ഇന്ത്യ – 259
ടോസ് നേടിയ ഇന്ത്യ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളിംങ് തുടങ്ങിയ ഇന്ത്യയ്ക്ക് 13 ൽ ലിറ്റിൽ ദാസിന്റെ (0) വിക്കറ്റ് വീഴ്ത്തി ഷമി ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. 15 ൽ സഹ ഓപ്പണർ തൻസിദ് ഹസൻ(13) താക്കൂറിന് മുന്നിൽ വീണു. 28 ൽ അനാമുൽ ഹക്കും (4), 59 ൽ മെഹദി ഹസനും (13) വീണു. എന്നാൽ, 101 റൺ കൂട്ട് കെട്ടുയർത്തി ഷക്കീബ് അൽഹസനും (80), തൗഹിദും (54) ചേർന്ന് ബംഗ്ലാദേശിനു വേണ്ടി രക്ഷാപ്രവർത്തനം നടത്തി. ഷക്കീബിനെ വീഴ്ത്തി താക്കൂർ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. 161 ൽ ഷമീം ഹൊസൈനെ വീഴ്ത്തി ജഡേജയും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, തൗഹിദും , നസും ഹൊസൈനും (44) , മെഹദി ഹസനും (29) ചേർന്ന് ബംഗ്ലാദേശിനെ മാന്യമായ സ്‌കോറിൽ എത്തിച്ചു. 265 ന് എട്ട് എന്ന നിലയിലാണ് ബംഗ്ലാദേശ് ബാറ്റിംങ് അവസാനിപ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഷാർദൂൽ താക്കൂർ മൂന്നും, മുഹമ്മദ് ഷമി രണ്ടും, പ്രദീഷ് കൃഷ്ണയും, അക്‌സർ പട്ടേലും, രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംങിൽ ഇന്ത്യയ്ക്ക് ആദ്യം തന്നെ തിരിച്ചടി കിട്ടി. രണ്ട് റണ്ണിൽ ടീം സ്‌കോർ എത്തിയപ്പോൾ പൂജ്യം റണ്ണുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ മടങ്ങി. 17 ൽ തിലക് വർമ്മയും (5), 74 ൽ കെ.എൽ രാഹുലും (19), 94 ൽ ഇഷാൻ കിഷനും (5) വീണതോടെ ഇന്ത്യ 94 ന് അഞ്ച് എന്ന നിലയിൽ തകർന്നു. ഇന്ത്യൻ മുൻ നിര ബാറ്റർമാർ എല്ലാവരും രണ്ടക്കം കടക്കാതെ തകർന്നടിഞ്ഞു വീണതോടെ ശുഭ്മാൻ ഗിൽ മാത്രമാണ് ഒറ്റയ്ക്ക് പോരാടിയത്. ബാറ്റിംങിൽ ടച്ച് കിട്ടാതെ തപ്പിത്തടഞ്ഞ സൂര്യകുമാർ യാദവ് പിടിച്ചു നിൽക്കുമെന്നു തോന്നിച്ചെങ്കിലും 34 പന്തിൽ 26 റണ്ണുമായി മടങ്ങി. പിന്നാലെ ഏഴു റണ്ണുമായി ജഡേജയും മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ ഗില്ലിലായി.
സ്‌കോർ 200 കഴിഞ്ഞ ശേഷം സെഞ്ച്വറി തികച്ച ഗിൽ കൂടി മടങ്ങിയതോടെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത അക്‌സർ പട്ടേലിലായി ഇന്ത്യയുടെ പ്രതീക്ഷ. 133 പന്തിൽ 121 റണ്ണുമായാണ് ഗിൽ മടങ്ങിയത്. ഒടുവിൽ 34 പന്തിൽ 42 റണ്ണുമായി അക്‌സർമടങ്ങിയതോടെ അവസാന ഓവറിൽ ഒറ്റ വിക്കറ്റിന്റെ ബലത്തിലായി ഇന്ത്യൻ വിജയ പ്രതീക്ഷ. അവസാന പന്തിൽ മുഹമ്മദ് ഷമി റണ്ണൗട്ടായതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.