മുൻപും ഇന്ത്യ നടത്തിയത് വലിയ പരീക്ഷണങ്ങൾ ; കേഴ്സ്റ്റണും ധോണിയും ചേർന്ന് 2011 ഏകദിന ലോകകപ്പിന് വേണ്ടി തയ്യാറാക്കിയ പരീക്ഷണങ്ങളിൽ പലതും പാളി ; പാളിപ്പോയ ചില പരീക്ഷണങ്ങളിതാ

സ്പോർട്സ് ഡെസ്ക്ക് : 2011 ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണ് വരാന്‍ പോകുന്നത്. അവസാന ഘട്ട മുന്നൊരുക്കത്തിലേക്ക് ടീമുകള്‍ പ്രവേശിച്ച്‌ കഴിഞ്ഞു.ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യയുടെ ഏകദിന ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. ഇന്ത്യ നിരവധി പരീക്ഷണങ്ങളാണ് ഈ പരമ്പരയില്‍ നടത്തിയിട്ടുള്ളത്. ഇതില്‍ പലതും പാളിപ്പോയി എന്നതാണ് വസ്തുത.

2011ല്‍ ആതിഥേയരായപ്പോള്‍ ഇന്ത്യ വിശ്വകിരീടം ചൂടിയിരുന്നു. എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. എന്നാല്‍ ഈ ലോകകപ്പിന് മുൻപ് ഇന്ത്യന്‍ നായകന്‍ ധോണിയും പരിശീലകന്‍ ഗാരി കേഴ്സ്റ്റനും ചേര്‍ന്ന് ചില സുപ്രധാന പരീക്ഷണങ്ങള്‍ ടീമിനുള്ളില്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് പാളിപ്പോവുകയാണ് ചെയ്തത്. ഇത്തരത്തില്‍ ധോണിയും ഗാരി കേഴ്‌സ്റ്റനും ചേര്‍ന്ന് ലോകകപ്പിന് മുമ്പ് എടുത്തതും പാളിപ്പോയതുമായ നാല് പരീക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2011ലെ ഏകദിന ലോകകപ്പിന് മുൻപ് നടന്ന ഇന്ത്യയുടെ അവസാന ഏകദിന മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു. ഈ മത്സരത്തില്‍ ഇന്ത്യ രോഹിത് ശര്‍മയേയും പാര്‍ഥിവ് പട്ടേലിനെയുമാണ് ഓപ്പണര്‍മാരാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും പരിക്കേറ്റതിനാല്‍ വിട്ടുനിന്നപ്പോള്‍ ഗൗതം ഗംഭീറിന് വിശ്രമം അനുവദിച്ചാണ് ഇന്ത്യ രോഹിത്തിനെയും പാര്‍ഥിവിനെയും ഓപ്പണര്‍മാരാക്കിയത്. എന്നാല്‍ ഈ കൂട്ടുകെട്ട് ക്ലിക്കായില്ല. ഇതോടെ രണ്ട് പേരെയും ഇന്ത്യ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞു.

മറ്റൊരു പരീക്ഷണം മുരളി വിജയിയെ ഉപയോഗിച്ചായിരുന്നു. എംഎസ് ധോണിയുടെ വിശ്വസ്തനായിരുന്ന താരമായിരുന്നു മുരളി വിജയ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണറായിരുന്നു മുരളി. 2011ലെ ഏകദിന ലോകകപ്പില്‍ ബാക്കപ്പ് ഓപ്പണറായി മുരളി വിജയിയെ പരിഗണിക്കാന്‍ ധോണിയും കേഴ്‌സ്റ്റനും പദ്ധതിയിട്ടു. എന്നാല്‍ ഈ പദ്ധതി പാളി. ലോകകപ്പിന് മുൻപ് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ മുരളിക്ക് സാധിച്ചില്ല. ഇതോടെ ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടു.

2011ലെ ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യയെ പ്രയാസപ്പെടുത്തിയ പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് നാലാം നമ്പറില്‍ ആരെന്നതായിരുന്നു. യുവരാജ് സിങ്ങിനെയാണ് ഇന്ത്യ ഈ നമ്പറില്‍ കണ്ടിരുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍-വീരേന്ദര്‍ സെവാഗ് ഓപ്പണിങ്, ഗൗതം ഗംഭീര്‍ മൂന്നാം നമ്പറില്‍ നാലാം നമ്പറില്‍ യുവരാജ് എന്നതായിരുന്നു പദ്ധതി. പക്ഷെ നാലാം നമ്പറില്‍ കളിച്ചപ്പോള്‍ യുവിക്ക് പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല.

2011ലെ ഏകദിന ലോകകപ്പില്‍ അഞ്ച്, ആറ് നമ്പറുകളിലാണ് യുവരാജ് സിങ് കളിച്ചത്. ഈ റോളില്‍ അദ്ദേഹം മികവുകാട്ടുകയും ഇന്ത്യയുടെ മാച്ച്‌ വിന്നറായിത്തീരുകയും ചെയ്തു. എന്നാല്‍ ധോണിയും കേഴ്‌സ്റ്റനും പദ്ധതിയിട്ടതുപോലെ നാലാം നമ്പറില്‍ തിളങ്ങാന്‍ യുവരാജിനായില്ല. 2011ലെ ഏകദിന ലോകകപ്പില്‍ സച്ചിന്‍, സെവാഗ്, ഗംഭീര്‍ എന്നിവരെ ഒന്നിച്ച്‌ കളിപ്പിക്കാന്‍ ധോണി ആഗ്രഹിച്ചിരുന്നില്ല. സച്ചിന്‍-സെവാഗ് എന്നിവരെ നിലനിര്‍ത്തി ഗംഭീറിനെ പുറത്തിരുത്താനായിരുന്നു ടീമിന്റെ പദ്ധതി.

അതിനുവേണ്ടി ലോകകപ്പിന് മുമ്പ് മൂന്നാം നമ്പറിലേക്ക് ഇന്ത്യ വിരാട് കോലിയേയും ദിനേഷ് കാര്‍ത്തികിനേയും പരിഗണിച്ചു. എന്നാല്‍ രണ്ടാള്‍ക്കും വലിയൊരു ഇംപാക്‌ട് മൂന്നാം നമ്പറില്‍ കാട്ടാനായില്ല. ഈ പദ്ധതി പാളിയതോടെയാണ് ഗംഭീറുമായി മുന്നോട്ട് പോകാന്‍ ഇന്ത്യ തീരുമാനിച്ചത്. 2011ലെ ലോകകപ്പ് ഫൈനലില്‍ ഗൗതം ഗംഭീറിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായി മാറുകയും ചെയ്തു.

ഇത്തവണത്തെ ലോകകപ്പിന് മുന്നോടിയായും ഇന്ത്യ നിരവധി പരീക്ഷണങ്ങളാണ് നടത്തുന്നത്. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലാര് വേണം? ബാക്കപ്പ് പേസര്‍ ആര്? നാലാം നമ്പറിലാര്? തുടങ്ങിയവയെല്ലാം ഇന്ത്യയുടെ തല പുകയ്ക്കുന്ന ചോദ്യങ്ങളായി ഇപ്പോഴും തുടരുകയാണ്.

Hot Topics

Related Articles