10 ലക്ഷം കൈക്കൂലി വാങ്ങി നീറ്റ് പരീക്ഷയിൽ ആള്‍മാറാട്ടം; എംബിബിഎസ് വിദ്യാർത്ഥി ഉള്‍പ്പെടെ 6 പേർ പിടിയിൽ

ജയ്പൂർ: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർത്ഥി ഉള്‍പ്പെടെ ആറ് പേർ പിടിയിൽ. നീറ്റ് പരീക്ഷ മറ്റൊരാള്‍ക്കു വേണ്ടി എഴുതാനാണ് എംബിബിഎസ് വിദ്യാർത്ഥി അഭിഷേക് ഗുപ്ത ആള്‍മാറാട്ടം നടത്തിയത്. 10 ലക്ഷം രൂപ കൈപ്പറ്റിയാണ് പരീക്ഷയ്ക്ക് എത്തിയത്. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നാണ്  ആറ് പേരെയും പിടികൂടിയത്. 

സർക്കാർ മെഡിക്കൽ കോളജ് വിദ്യാർത്ഥിയായ അഭിഷേക് ഗുപ്ത, തന്‍റെ സഹപാഠിയായ രവി മീണ നടത്തുന്ന റാക്കറ്റിന്‍റെ ഭാഗമാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. രാഹുൽ ഗുർജർ എന്ന വിദ്യാർത്ഥിക്കായി പരീക്ഷ എഴുതാൻ 10 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. രാഹുൽ ഗുർജറെന്ന വ്യാജേനയാണ് അഭിഷേക് പരീക്ഷ എഴുതാൻ എത്തിയത്. ഹാളിലുണ്ടായിരുന്ന അധ്യാപകൻ സംശയം തോന്നി പൊലീസിനെ അറിയിച്ചു. പൊലീസ് അഭിഷേകിനെ ചോദ്യം ചെയ്തതോടെ മറ്റ് അഞ്ച് പേരുടെ പങ്കിനെ കുറിച്ചും വിവരം ലഭിച്ചെന്ന് അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് (എഎസ്പി) അക്‍ലേഷ് കുമാർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരീക്ഷാ കേന്ദ്രമായ ആദിത്യേന്ദ്ര സ്‌കൂളിന് പുറത്ത് കാറിൽ ഇരിക്കുകയായിരുന്നു മറ്റ് അഞ്ച് പേരും. അഭിഷേക് ഗുപ്ത, രവി മീണ, രാഹുൽ ഗുർജർ എന്നിവരെ കൂടാതെ അമിത്, ദയാറാം, സൂരജ് സിംഗ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. എല്ലാ പ്രതികളെയും ചോദ്യംചെയ്തു കൊണ്ടിരിക്കുകയാണെന്ന് എഎസ്പി പറഞ്ഞു.

Hot Topics

Related Articles