കൊളംബോ: കാത്തിരിപ്പിനും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് അരങ്ങുണരാൻ പോകുന്നത്. നേരത്തെ ബംഗ്ലാദേശിന് പിന്തുണ അർപ്പിച്ച് പാകിസ്താൻ ഇന്ത്യയുമായി കളിക്കില്ല എന്ന് അറിയിച്ചിരുന്നുവെങ്കിലും അവസാനം ഐ സി സി നിലപാട് കടുപ്പിച്ചതോടെയാണ് കളിക്കാൻ തയ്യാറായത്. നാളെ കൊളംബോയിലെ ആര് പ്രേമദാസ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണി മുതലാണ് മത്സരം നടക്കുന്നത്. ഇപ്പോഴിതാ പാകിസ്താനെതിരെ നിർണായക പോരാട്ടത്തിന് ഇന്ത്യ തയാറെടുക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ ഇന്ത്യൻ ആരാധകർക്കിടയില്‍ ചെറിയൊരു ആശങ്ക പടർത്തുകയാണ്.
ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായ സിംബാബ്വെ-ഓസ്ട്രേലിയ മത്സരഫലം കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ഇപ്പോള്‍ ഇന്ത്യക്കെതിരെയും രംഗത്തെത്തിയിരിക്കുന്നത്. നാളെ കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഇതോടൊപ്പം ഫെബ്രുവരി 15-ന് തന്നെ മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ നേപ്പാള്‍ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിക്കുമെന്നും ഇയാള്‍ പ്രവചിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓസ്ട്രേലിയയെ സിംബാബ്വെ തോല്‍പ്പിക്കുമെന്ന ഇയാളുടെ ആദ്യ പ്രവചനം ഫലിച്ചതോടെയാണ് ആരാധകർക്കിടയില്‍ ഈ വീഡിയോ ചർച്ചയായത്. എന്നാല്‍ സിംബാബ്വെയോട് തോറ്റെങ്കിലും ഇത്തവണ ലോകകപ്പില്‍ ഓസ്ട്രേലിയ തന്നെയാണ് ചാമ്പ്യൻമാരാകുകയെന്നും ഇയാള്‍ പ്രവചിച്ചിട്ടുണ്ട്.
എന്നാല്‍ ഈ പ്രവചനങ്ങളില്‍ ഭയപ്പെടേണ്ടതില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രം പരിശോധിച്ചാല്‍ സിംബാബ്വെ ഓസ്ട്രേലിയയെ തോല്പ്പിച്ചപ്പോഴെല്ലാം ഇന്ത്യ ലോകകിരീടം ചൂടിയിട്ടുണ്ട്. 1983ലെ ഏകദിന ലോകകപ്പില്‍ സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിച്ചപ്പോള്‍ ഇന്ത്യ കപ്പുയർത്തി. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ സിംബാബ്വെ ഓസ്ട്രേലിയയെ തോല്‍പ്പിച്ചപ്പോഴും ഇന്ത്യ ചാമ്പ്യന്മാരായി. ഇത്തവണയും സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിച്ചതോടെ ഇന്ത്യ ചാമ്പ്യൻമാരാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.


