ഇന്ത്യയോട് തോറ്റതിന് പിന്നാലെ നിർണ്ണായക നിമിഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഇംഗ്ലണ്ട് പരിശീലകൻ; തോൽപ്പിച്ചത് സഞ്ജുവും ബുംറയും 

മുംബൈ : ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയോട് ഏഴ് റണ്‍സിന് തോറ്റ് പുറത്തായതിന് പിന്നാലെ, മത്സരത്തിന്‍റെ ഗതിമാറ്റിയ നിമിഷങ്ങളെക്കുറിച്ച്‌ മനസ് തുറന്ന് ഇംഗ്ലണ്ട് മുഖ്യ പരിശീലകന്‍ ബ്രണ്ടൻ മക്കല്ലം. ഇന്ത്യ ഉയർത്തിയ 254 റണ്‍സെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 246 റണ്‍സ് വരെ എത്തിയെങ്കിലും അക്സർ പട്ടേലിന്‍റെ അവിശ്വസനീയമായ ക്യാച്ചുകളും സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗും ജസ്പ്രീത് ബുമ്രയുടെ ഡെത്ത് ഓവറുമാണ് ഇംഗ്ലണ്ടിന്‍റെ വിജയം തടഞ്ഞതെന്ന് സ്കൈ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ മക്കല്ലം പറഞ്ഞു.

Advertisements

സത്യസന്ധമായി പറഞ്ഞാല്‍ അക്ഷര്‍ എടുത്ത ആ രണ്ട് ക്യാച്ചുകളാണ് മത്സരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം. സമ്മർദ്ദഘട്ടങ്ങളില്‍ അക്ഷർ ആ ക്യാച്ചുകള്‍ എടുത്ത രീതി അഭിനന്ദനാർഹമാണ്. ഹാരി ബ്രൂക്കിനെയും വില്‍ ജാക്സിനെയും പുറത്താക്കിയ ആ നിമിഷങ്ങള്‍ മത്സരത്തിലെ വഴിത്തിരിവായി. അഞ്ചാം ഓവറില്‍ പിന്നിലേക്ക് ഓടി അക്സർ എടുത്ത ബ്രൂക്കിന്‍റെ ക്യാച്ചും, ബൗണ്ടറി ലൈനില്‍ ശിവം ദുബെയുമായി ചേർന്ന് വില്‍ ജാക്സിനെ പുറത്താക്കി റിലേ ക്യാച്ചും ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഞ്ജു സാംസണ്‍ നല്‍കിയ ക്യാച്ച്‌ കൈവിട്ടതാണ് ഇംഗ്ലണ്ടിന് ഏറ്റവും വലിയ തിരിച്ചടിയായതെന്ന് മക്കല്ലം പറഞ്ഞു. 15 റണ്‍സില്‍ നില്‍ക്കെ സഞ്ജു നല്‍കിയ അവസരം ഹാരി ബ്രൂക്ക് പാഴാക്കിയിരുന്നു. സഞ്ജുവിനെപ്പോലെ ഫോമിലുള്ള ഒരു താരത്തിന് അവസരം നല്‍കിയാല്‍ അദ്ദേഹം അത് മുതലാക്കും. വാംഖഡെയിലെ സാഹചര്യങ്ങള്‍ സഞ്ജു കൃത്യമായി ഉപയോഗിച്ചു. സഞ്ജുവിന്‍റെ ബാറ്റിംഗ് ഞങ്ങളെ സമ്മർദ്ദത്തിലാക്കി. ഒരിക്കല്‍ താളം കണ്ടെത്തിയാല്‍ സഞ്ജുവിനെ തടയുക പ്രയാസമാണെന്നും മക്കല്ലം പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 97 റണ്‍സെടുത്ത സഞ്ജു, ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ജസ്പ്രീത് ബുംറയുടെ ബൗളിംഗിനെയും മക്കല്ലം പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്നും 18-ാം ഓവറില്‍ വെറും 6 റണ്‍സ് മാത്രം നല്‍കി ബുംറ മത്സരം ഇന്ത്യയുടെ കൈപ്പിടിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ബുംറക്കെതിരെ കുറച്ചു കൂടി റിസ്ക് എടുക്കാന്‍ തയാറാവണമായിരുന്നുവെന്നും ഏത് ബോളാണ് യോര്‍ക്കറെന്നും ഏതാണ് സ്ലോ ബോളെന്നും തിരിച്ചറിഞ്ഞ് ആക്രമിച്ചിരുന്നെങ്കില്‍ ബുംറയെ സമ്മര്‍ദ്ദത്തിലാക്കാമായിരുന്നുവെന്നും മക്കല്ലം പറഞ്ഞു. ബാറ്റിംഗ് പിച്ചിലും 4 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ബുംറയുടെ പ്രകടനം ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായിരുന്നു.

Hot Topics

Related Articles