നവി മുംബൈ: മൂന്നാം ലോകകപ്പ് ഫൈനലിൽ ചരിത്രം തിരുത്തി ഹർമ്മൻ പ്രീത് കൗറും പടയാളികളും. മുൻ വർഷങ്ങളിലെ തോൽവിയ്ക്ക് കളത്തിൽ പകരം ചോദിച്ച് ലോക കിരീടം നെറുകയിൽ സിന്ദൂരമായി തൊട്ട് ഇന്ത്യൻ വനിതകൾ. 52 റണ്ണിന് ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യൻ പെൺ പുലികൾ ലോക കിരീടം സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതാ ടീം ലോകകപ്പ് സ്വന്തമാക്കുന്നത്. സ്കോർ: ഇന്ത്യ – 298/7. സൗത്ത് ആഫ്രിക്ക: 246.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫൈനലിന്റെ സമ്മർദം തെല്ലുമില്ലാതെ ഓപ്പണർമാർ ബാറ്റ് ചെയ്തതോടെ ആദ്യ വിക്കറ്റ് വീഴ്ത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് 104 റൺ വരെ കാത്തിരിക്കേണ്ടി വന്നു. 58 പന്തിൽ 45 റണ്ണുമായി മന്ദാന പുറത്തായെങ്കിലും , ഷെഫാലിയും ജെമയ്മയും ചേർന്ന് സ്കോർ മുന്നോട്ട് നയിച്ചു. 166 ൽ ഷെഫാലിയെ (87) വീഴ്ത്തിയ ദക്ഷിണാഫ്രിക്ക തെല്ലൊന്ന് ആശ്വാസം കണ്ടെത്തി. 171 ൽ ജമെമ (24) കൂടി വീണതോടെ അതിവേഗം ഇന്ത്യയെ ഒതുക്കാമെന്നായിരുന്നു ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, കൃത്യമായ പാർട്ണർഷിപ്പുകൾ കൂട്ടിച്ചേർത്ത് ഹർമ്ൻ പ്രീത് കൗർ (20), ദീപ്തി ശർമ്മ (58), അമൻജ്യോത് ക്രൗർ (12), റിച്ച ഘോഷ് (34) എന്നിവർ ഇന്ത്യയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഖാഖ മൂന്നും, മൽബയും,ഡേ ക്ലർക്കും ട്രയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംങിൽ ഓപ്പണറും ക്യാപ്റ്റനുമായ ലൗറാ വോൾവഡാർട്ട് (101) നേടിയ സെഞ്ച്വറിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകിയത്. ടസ്മിൻ ബ്രിറ്റ്സ് (23), സുനേ ലുനുസ് (25), സിനിലാലോ ജാഫ്റ്റാ (16), അനീരിയെ ഡർക്കൻ (35), എന്നിവർ പൊരുതിനോക്കിയെങ്കിലും കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ വനിതകൾ വിജയം പിടിച്ചു വാങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ്മ അഞ്ചും, ഷെഫാലി വർമ്മ രണ്ടും, ശ്രീ ചരണി ഒരു വിക്കറ്റും വീഴ്ത്തി.


