കോട്ടയം: റിട്ടേൺ ഓട്ടത്തിന് കൂലിയായി നൽകിയ 20 രൂപയിൽ 10 രൂപ തിരികെ നൽകാതിരുന്ന വൈരാഗ്യത്തിന് ഓട്ടോഡ്രൈവറെ പിതാവും മകനും ചേർന്ന് ആക്രമിച്ചതായി പരാതി. ഓട്ടോ ഡ്രൈവറെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയ മറ്റൊരു ഓട്ടോ ഡ്രൈവർക്കും ആക്രമണത്തിൽ പരിക്കേറ്റു. പൂവൻതുരുത്ത് സ്വദേശിയും കടുവാക്കുളത്തെ ഓട്ടോ ഡ്രൈവറുമായ ഷാജി (കൊച്ചുമോൻ), കടുവാക്കുളത്തെ ഓട്ടോ ഡ്രൈവർ മാട്ടി എന്നിവർക്കാണ് മർദനമേറ്റത്. ഓട്ടോ ഡ്രൈവർമാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് നവംബർ മൂന്ന് തിങ്കളാഴ്ച രാവിലെ ഒൻപത് മുതൽ 11 വരെ കടുവാക്കുളത്തെ ഓട്ടോ ഡ്രൈവർമാർ പണിമുടക്കും.
ഞായറാഴ്ച വൈകിട്ട് ഒൻപത് മണിയ്ക്ക് ശേഷമായിരുന്നു സംഭവം. കടുവാക്കുളം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ഷാജി ഓട്ടം പോയ ശേഷം തിരികെ കടുവാക്കുളം സ്റ്റാൻഡിലേയ്ക്കു വരികയായിരുന്നു. ഇതിനിടെ കൈ കാട്ടി ഓട്ടോറിക്ഷയിൽ കയറിയ ഒരു അച്്ഛനും മകനും ചൂളക്കവല ജംഗ്ഷനിൽ ഇറങ്ങി. തുടർന്ന് ഇരുവരും 20 രൂപ കൂലിയായി നീട്ടി. ഷാജി ഇത് വാങ്ങുകയും ചെയ്തു. എന്നാൽ, ഇതിന് പിന്നാലെ പത്ത് രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് ഷാജിയുമായി ബഹളമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്ത് രൂപ മാത്രമാണ് റിട്ടേൺ ചാർജ് എന്നും അതുകൊണ്ട് പത്ത് രൂപ തിരികെ നൽകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതോടെ വാക്ക് തർക്കം രൂക്ഷമായി. ഇതിനിടെ പിതാവും മകനും ചേർന്ന് ഷാജിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഘർഷം കണ്ട് ഓടിയെത്തിയ മറ്റൊരു ഓട്ടോ ഡ്രൈവറായ മാട്ടിയെയും ഈ സംഘം ആക്രമിച്ചു. പരിക്കേറ്റ ഇരുവരും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ ഈസ്റ്റ് പൊലീസിൽ പരാതി നൽകുമെന്നും ഓട്ടോ ഡ്രൈവർമാർ അറിയിച്ചു.


