വാഷിംഗ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധം കടുക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാന്റെ പരമോന്നത നേതാവാകാൻ ക്ഷണം ലഭിച്ചെന്ന് ട്രംപ് പറഞ്ഞെന്ന തരത്തിലുള്ള വാർത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വൻതോതില്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ട്രംപിന്റെ പ്രസംഗത്തിലെ വരികള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് ഇതിന് പിന്നിലെന്നാണ് പുതുതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
എൻആർസിസി വാർഷിക ഫണ്ട് ശേഖരണ വിരുന്നില്‍ ട്രംപ് നടത്തിയ പ്രസംഗമാണ് വിവാദത്തിന് ആധാരം. സി-സ്പാൻ ലഭ്യമാക്കിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം പരിശോധിച്ചാല്‍ ട്രംപ് ഉദ്ദേശിച്ചത് മറ്റൊന്നാണെന്ന് വ്യക്തമാകും. ഇറാന്റെ തലപ്പത്തിരിക്കാൻ ആരും ആഗ്രഹിക്കാത്ത സാഹചര്യമാണെന്ന് ട്രംപ് തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്. സ്വന്തം ജനതയോ അല്ലെങ്കില്‍ അമേരിക്കയോ തങ്ങളെ വധിക്കുമെന്ന് ഇറാനിലെ നേതാക്കള്‍ ഭയപ്പെടുന്നു എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ‘അവർക്ക് ആ പദവി വേണ്ട, ഞങ്ങള്‍ അത് കേള്‍ക്കുന്നുണ്ട്. അടുത്ത സുപ്രീം ലീഡറാകാൻ നിങ്ങളെ ക്ഷണിക്കുന്നു എന്ന് പറഞ്ഞാല്‍, വേണ്ട നന്ദി, എനിക്കത് വേണ്ട എന്നാണ് അവർ മറുപടി നല്‍കുന്നത്’ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പ്രസംഗത്തിലെ “എനിക്ക് അത് വേണ്ട” എന്ന ഭാഗം ട്രംപ് തന്നെക്കുറിച്ച് പറഞ്ഞതാണെന്ന് ചിലർ തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാല്‍ പദവി വാഗ്ദാനം ചെയ്യപ്പെട്ട ഇറാനിലെ വ്യക്തികളുടെ പ്രതികരണത്തെ ഉദ്ധരിച്ചാണ് അദ്ദേഹം സംസാരിച്ചത്. അതേസമയം, അമേരിക്കയുമായി യാതൊരുവിധ ചർച്ചകള്‍ക്കും നിലവില്‍ സാധ്യതയില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അറാഗ്ചി വ്യക്തമാക്കി. തങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളെ ‘പ്രതിരോധം’ കൊണ്ട് നേരിടുമെന്നും അദ്ദേഹം അറിയിച്ചു. ചർച്ചകള്‍ നടക്കുന്നുണ്ടെന്ന വാർത്തകള്‍ ഇറാൻ സ്റ്റേറ്റ് മീഡിയ തള്ളിക്കളഞ്ഞു.

