ഇസ്രായേല്‍ ഗസ്സയില്‍ വംശഹത്യനടത്തുന്നു ;ഇസ്രായേലുമായുള്ള നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ

ബോഗോട്ട: ഗസ്സയില്‍ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച്‌ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച്‌ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ.അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ സംസാരിക്കവേ കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ അതിക്രമത്തിന് മുന്നില്‍ ലോകരാജ്യങ്ങള്‍ നിഷ്ക്രിയരായി നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിക്കുകയാണെന്ന് നിങ്ങള്‍ക്ക് മുമ്പില്‍ ഞാൻ പ്രഖ്യാപിക്കുന്നു. വംശഹത്യക്ക് നേതൃത്വം നല്‍കുന്ന ഒരു സർക്കാറും ഒരു പ്രസിഡന്‍റുമാണ് ഇസ്രായേലിലേത്’ -തലസ്ഥാനമായ ബോഗോട്ടയില്‍ സംസാരിക്കവേ ഗുസ്താവോ പെട്രോ പറഞ്ഞു. ഇടതുപക്ഷക്കാരനായ പെട്രോ 2022ലാണ് കൊളംബിയയുടെ പ്രസിഡന്‍റായത്. തെക്കേ അമേരിക്കയില്‍ ഇസ്രായേലിന്‍റെ പ്രധാന വിമർശകരിലൊരാളാണ് പെട്രോ. ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്‍റ് ‘ജൂതരിലെ നാസികളുടെ’ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് ഗസ്സ അധിനിവേശത്തിന്‍റെ ആദ്യദിനങ്ങളില്‍ തന്നെ ഗുസ്താവോ പെട്രോ വിമർശിച്ചിരുന്നു. ഗസ്സയില്‍ മനുഷ്യമൃഗങ്ങള്‍ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്ന ഗാല്ലന്‍റിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു കൊളംബിയയുടെ വിമർശനം. ഇതിന് പിന്നാലെ കൊളംബിയയിലേക്കുള്ള സുരക്ഷാ ഉപകരങ്ങളുടെ കയറ്റുമതി നിർത്തിവെക്കുകയാണെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇസ്രായേല്‍ ഗസ്സയില്‍ വംശഹത്യയാണ് നടത്തുന്നതെന്ന് ആക്രമണം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോള്‍ ഗുസ്താവോ പെട്രോ വിമർശിച്ചിരുന്നു. ഫെബ്രുവരിയില്‍ ഗസ്സയില്‍ ഭക്ഷണത്തിനായി വരിനിന്നവരുടെ നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണം നാസികളുടെകൂട്ടക്കൊലയെ ഓർമിപ്പിക്കുന്നതാണെന്ന് പെട്രോ വിമർശിച്ചു. ഇതിന് പിന്നാലെ ഇസ്രായേലില്‍ നിന്നുള്ള ആയുധം വാങ്ങലും കൊളംബിയ നിർത്തിവെച്ചു. ഗസ്സയിലെ റഫയില്‍ ഇസ്രായേല്‍ ക്രൂരമായ കരയാക്രമണത്തിന് ഒരുങ്ങുന്നതിനിടെയാണ് കൊളംബിയൻ പ്രസിഡന്‍റ് നയതന്ത്രബന്ധം മുറിച്ചിരിക്കുന്നത്. ഗസ്സയില്‍ മാസങ്ങളായി തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തില്‍ 34,500ലേറെ പേരാണ് കൊല്ലപ്പെട്ടത്.

Hot Topics

Related Articles