ദാരികനും ഭഗവതിയും നിറഞ്ഞാടി ; കീഴൂർ ഭഗവതി ക്ഷേത്രത്തിൽ  ഭക്തിസാന്ദ്രമായി വലിയ പാന

കടുത്തുരുത്തി : കീഴൂർ ഭഗവതി ക്ഷേത്രത്തിലെ വലിയ പാന ഭക്തിസാന്ദ്രമായി ദാരികനാകുന്ന തിന്മകൾക്കു മേൽ ഭഗവതിയാകുന്ന നന്മ നേടുന്ന വിജയമാണ് വലിയ പാനയുടെ സാരാംശം. പാരമ്പര്യവും തനിമയും ഭക്തിയും ഇഴ ചേരുന്ന കീഴൂർ പാന ഉത്സവം ഒരു ദേശത്തിന്റെയാകെ സമർപ്പണമാണ്. പാനയുടെ ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ട വലിയ പാനയാണ് ഇന്ന്  നടന്നത് . നാളെ  നടക്കുന്ന ഗുരുതിയോടെ പാനയുടെ ചടങ്ങുകൾ അവസാനിക്കും. വിഷു ദിനം മുതൽ വ്രതമെടുത്തു ദേവിയെ മനസ്സിൽ ധ്യാനിച്ച് കീഴൂർ, പൂഴിക്കോൽ, മാന്നാർ, വെള്ളാശ്ശേരി കരകളിൽ നിന്നുള്ളവരാണ് പാനയിൽ പങ്കെടുക്കുന്നത്. ഭദ്രകാളി ദാരിക നിഗ്രഹത്തിനായി പുറപ്പെടുന്ന സമയത്ത് പരമശിവൻ നിയോഗിക്കുന്ന പടയാളികളാണ് പാനക്കാർ. ശിവന്റെ ഭൂതഗണങ്ങളായ ഇവർ പടയാളികളുടെ വേഷം ധരിച്ചാണ് എത്തുന്നത്.

പ്രത്യേക രീതിയിൽ ഉടുത്തുകെട്ടി തലപ്പാവണിഞ്ഞ് പ്രത്യേക ചുവടുകളോടെയാണ് ഇവരുടെ വരവ്. ചെത്തി മിനുക്കിയ പാലക്കൊമ്പിന്റെ മുകൾ വശത്ത് ദ്വാരമുണ്ടാക്കി അതിൽ തെങ്ങിൻ പൂവ് തിരികെ വച്ചുള്ള പാനക്കുറ്റിയാണ് ആയുധമായി ഉപയോഗിക്കുന്നത്. പത്താമുദയ ദിനത്തിലാണ് ദേവിയെ പാനപ്പുരയിൽ പ്രതിഷ്ഠിച്ചത്. ചെറിയ പാനയുടെ ദിവസമായ ഇന്നലെ  പാനക്കാർ ദാരികനെ അന്വേഷിച്ചിറങ്ങി. പാനക്കാർക്കു പാനക്കുറ്റി നൽകുന്ന ചടങ്ങായിരുന്നു പ്രധാനപ്പെട്ടത് പാനയുണ്ണി എറിഞ്ഞു നൽകുന്ന പാനക്കുറ്റി സ്വീകരിച്ചവർ ക്ഷേത്രമുറ്റത്ത് പ്രത്യേക ചുവടുകൾ വച്ചു. മേളത്തിന്റെ അകമ്പടിയോടെ ദേവിയെ വണങ്ങി. ഇതെല്ലാം ദാരികനെ അന്വേഷിക്കലാണ്. ഒടുവിൽ പാനയമ്പലത്തിൽ തുള്ളി ദേവിയെ വലംവച്ചു. ദാരികനെ അന്വേഷിച്ചു കണ്ടെത്തിയില്ല എന്നാണ് വിശ്വാസം. ഇന്ന്  നടന്ന വിശേഷാൽ ഉച്ചപ്പൂജയ്ക്കു ശേഷം വലിയ പാനയുടെ ചടങ്ങുകൾ ആരംഭിച്ചത്.

Hot Topics

Related Articles