കാഫിര്‍ സ്ക്രീൻഷോട്ട് വിവാദം; ‘റിബേഷ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല’; റിബേഷിനെ പിന്തുണച്ച് ഡിവൈഎഫ്ഐ

കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമചന്ദ്രനെ പിന്തുണച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ നേതൃത്വം. റിബേഷ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കാഫിർ സ്ക്രീൻ ഷോട്ട് എങ്ങനെ ഉണ്ടായെന്ന് അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ഷൈജു പറഞ്ഞു. വിഷയത്തില്‍ റിബേഷ് കോടതിയെ സമീപിച്ചാല്‍ പിന്തുണയ്ക്കും.

Advertisements

വടകരയില്‍ വര്‍ഗീയ പ്രചാരണം നടത്തിയത് യുഡിഎഫ് ആണ്. റിബേഷിനെ പൊലീസ് സാക്ഷിയാക്കിയതാണ്. പൊലീസ് റിബേഷിന്‍റെ ഫോണ്‍ പിടിച്ചെടുത്തതല്ലെന്നും പരിശോധിക്കനായി റിബേഷ് കൈമാറിയതാണെന്നും ഷൈജു പറഞ്ഞു. റിബേഷിന്‍റെ ഭാഗത്തുനിന്നും ഇത്തരമൊരു വീഴ്ച ഉണ്ടാകില്ലെന്ന് ഉറപ്പുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്ന് പൊലീസ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഫോണ്‍ കൈമാറിയതെന്നും ഷൈജു പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ തനിക്കെതിരായ പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ പറഞ്ഞത്. മാധ്യമങ്ങൾ തോന്നിയത് പോലെയാണ് റിപ്പോർട്ട്‌ ചെയ്യുന്നതെന്ന് റിബേഷ് പ്രതികരിച്ചു. മാധ്യമങ്ങൾ ചെയ്യേണ്ട പണിയല്ല ചെയ്യുന്നതെന്നും അതിൽ കൂടുതൽ വിശദീകരണം നൽകാനില്ലെന്നും റിബേഷ് രാമകൃഷ്ണൻ പറഞ്ഞു. 

വടകരയിലെ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തില്‍ റിബേഷ് രാമകൃഷ്ണനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി ലഭിച്ചിരിക്കുന്നത്. വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിലാണ് പരാതി നൽകിയത്.

കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എംഎല്‍പി സ്കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും കാസിം ആരോപിച്ചിരുന്നു. റിബേഷുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. 

പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ റെഡ് എന്‍ കൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പില്‍ നിന്നാണ് മറ്റു ഗ്രൂപ്പുകളിലേക്ക് കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന‍് ഷോട്ട് എത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. റിബേഷ് രാമകൃഷ്ണന്‍ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് സ്ക്രീന്‍ ഷോട്ട് കിട്ടിയതെന്ന് റിബേഷ് വ്യക്തമാക്കാത്തതിനാല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് റിപ്പോര്‍ട്ടിലുള്ള റിബേഷ് രാമകൃഷ്ണന്‍ ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്‍റായ റിബേഷാണെന്നാണ് കേസില്‍ നേരത്തെ പ്രതി ചേര്‍ക്കപ്പെട്ട എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിം ആരോപിച്ചിരുന്നത്. റിബേഷിന്‍റെ ചിത്രങ്ങളും കാസിം പുറത്തു വിട്ടിരുന്നു. ഈ പോസ്റ്റ് ആദ്യമായി പോസ്റ്റ് ചെയ്തയാളാണ് റിബേഷ് എന്ന് വ്യക്തമായിട്ടും കേസില്‍ പ്രതി ചേര്‍ക്കാതെ സാക്ഷിയാക്കിയത് ഒത്തുകളിയാണെന്നാണ് ആരോപണം. ഈ പോസ്റ്റ് മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തവരേയും സാക്ഷിയാക്കുകയാണ് ചെയ്തിരിക്കുന്നത്.

Hot Topics

Related Articles