കലാമണ്ഡലത്തിൽ രുചിമാറ്റം; ചരിത്രത്തിലാദ്യമായി ചിക്കൻ ബിരിയാണി വിളമ്പി, എത്തിച്ചത് വിയ്യൂരിൽ നിന്ന്

തൃശൂർ: ചരിത്രത്തിൽ ആദ്യമായി കലാമണ്ഡലത്തിൽ മാംസാഹാരം വിളമ്പി. ചിക്കൻ ബിരിയാണിയാണ് വിദ്യാർത്ഥികൾക്ക് വിളമ്പിയത്. നോൺ വെജ് വിഭവങ്ങൾ വേണമെന്ന് വിദ്യാർഥികൾ ഏറെക്കാലമായി ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. അതിനൊടുവിലാണ് ഇപ്പോൾ അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്. ബുധനാഴ്‌ച ഉച്ചഭക്ഷണമായാണ് കലാമണ്ഡലത്തിൽ ബിരിയാണി വിദ്യാർത്ഥികൾക്ക് നൽകിയത്.നോൺ വെജ് വിഭവങ്ങൾ വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു എന്ന് കലാമണ്ഡലം തന്നെ വിശദീകരിച്ചു. 1930ൽ കലാമണ്ഡലം സ്ഥാപിക്കപ്പെട്ടതിന് ശേഷം ഇതുവരെ വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരുന്നു ഇവിടുത്തെ ക്യാന്റീനിൽ വിളമ്പിയിരുന്നത്. കലാമണ്ഡലത്തിൽ മാംസാഹാരം വിളമ്പാൻ പാടില്ലെന്ന് നിയമം ഇല്ലെങ്കിലും അത് ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു ഉണ്ടായിരുന്നത്.

Advertisements

വിയ്യൂർ ജയിലിൽ നിന്ന് 480 ബിരിയാണിയാണ് വിതരണം ചെയ്യാനായി വാങ്ങിയത്. 450 ചിക്കൻ ബിരിയാണിയും 30 വെജിറ്റബിൾ ബിരിയാണിയുമാണ് ജയിലിൽ നിന്ന് വാങ്ങി കുട്ടികൾക്ക് നൽകിയത്. കുട്ടികൾ ആവശ്യപ്പെട്ടപ്പോൾ എല്ലാവർക്കും മാംസാഹാരം വാങ്ങി നൽകാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്ന് കലാമണ്ഡലം വിസി വ്യക്തമാക്കി. വിസിയും രജിസ്ട്രാറും അക്കാദമിക് കോഡിനേറ്ററും ഉൾപ്പെടെ കലാമണ്ഡലത്തിലെത്തി വിദ്യാർത്ഥികൾക്ക് ഒപ്പം ബിരിയാണി കഴിക്കുകയും ചെയ്‌തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ഈ തീരുമാനത്തിൽ ഒരു വിഭാഗം അധ്യാപകർക്ക് അതൃപ്‌തി ഉണ്ടെന്നാണ് സൂചന. കുട്ടികൾ ഉഴിച്ചിലും പിഴിച്ചിലും പോലുള്ള ചികിത്സാ രീതികളിലൂടെ കടന്നുപോകേണ്ടതിനാൽ മാംസാഹാരം ശരീരത്തിന് അനുയോജ്യമല്ലെന്നാണ് ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്ന വാദം. വിദ്യാർത്ഥികൾക്ക് ഇഷ്‌ട ഭക്ഷണം കഴിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നും എന്നാൽ അത് ക്യാമ്പസിന് പുറത്തുവെച്ചാകാമെന്നും ചില അധ്യാപകർ അഭിപ്രായപ്പെടുന്നു.നിലവിൽ കലാമണ്ഡലം ക്യാന്റീനിൽ മാംസാഹാരം ഉണ്ടാക്കി തുടങ്ങിയിട്ടില്ലെന്നാണ് സൂചന. എല്ലാ ബുധനാഴ്‌ചകളിലും ഇത്തരത്തിൽ മാംസാഹാരം നൽകാനാണ് തീരുമാനം. നേരത്തെ ക്യാന്റീനിൽ ലഭ്യമല്ലാത്തതിനാൽ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും മാംസാഹാരം പുറത്തുനിന്ന് വരുത്തിച്ചാണ് കഴിച്ചു കൊണ്ടിരുന്നത്.അടുത്തിടെ പുരുഷന്മാർക്ക് മോഹിനിയാട്ടം പഠിക്കാനുള്ള അനുവാദവും കലാമണ്ഡലം നൽകിയിരുന്നു. കലാമണ്ഡലം ഭരണസമിതി യോഗത്തിലാണ് ചരിത്രപരമായ തീരുമാനം ഉണ്ടായത്. ഇതോടെ ആൺകുട്ടികൾക്കും കലാമണ്ഡലത്തിൽ മോഹിനിയാട്ടം അഭ്യസിക്കാനുള്ള അരങ്ങൊരുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷണക്രമത്തിലും മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

Hot Topics

Related Articles