കെജ്‌രിവാളിന്റെ ജാമ്യം: ഇ ഡിക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ഇഡിക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഏറ്റുമുട്ടല്‍ കൊണ്ട് കാര്യമില്ലെന്നും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിലൂടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനാണ് ആദായനികുതി വകുപ്പ് ശ്രമിച്ചതെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. തെറ്റായ കാര്യങ്ങളാണ് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ന്യായമായ വാര്‍ത്തകളില്‍ വിയോജിപ്പില്ല. കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ അടിസ്ഥാനത്തില്‍ സിപിഐഎമ്മിന് ഒരു പാന്‍ നമ്പറാണ് ഉള്ളത്. ഈ പാന്‍ നമ്പറാണ് ജില്ലാ കമ്മിറ്റികള്‍ ഉപയോഗിക്കുന്നത്. ബാങ്കിന്റെ വീഴ്ച കൊണ്ട് പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്‌നം.

അക്കൗണ്ട് മരവിപ്പിക്കുകയും പിന്‍വലിച്ച പണം തിരിച്ച് അടയ്ക്കാനും ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചു. പണം പിന്‍വലിക്കാനും ചെലവഴിക്കാനും പാര്‍ട്ടിക്ക് അധികാരം ഉണ്ട്. പിന്‍വലിച്ച പണം പാര്‍ട്ടി ചെലവാക്കിയില്ല. ബാങ്ക് ഓഫ് ഇന്ത്യയെ പാര്‍ട്ടി കാര്യങ്ങള്‍ ധരിപ്പിച്ചു. 

ബാങ്കിന് തന്നെയാണ് തെറ്റുപറ്റിയത് എന്ന് ബാങ്ക് അധികൃതര്‍ തന്നെ പാര്‍ട്ടിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചത് അനുസരിച്ചാണ് പിന്‍വലിച്ച പണം ഹാജരാക്കിയത്. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കിയത്. കൃത്യമായ രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. ഇനി തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ കേസ് നല്‍കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

വിഷയത്തിലെ യാഥാര്‍ത്ഥ്യം കേന്ദ്ര ഏജന്‍സികളെ അറിയിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായി നടപടി സ്വീകരിക്കുകയാണ്. റാഫ മേഖലയിലെ ഇസ്രയേല്‍ ആക്രമണത്തില്‍, വെടിനിര്‍ത്തല്‍ അംഗീകരിച്ചിട്ടും അക്രമം തുടരുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം രൂപപ്പെട്ട് വരുന്നുണ്ട്. ഇസ്രയേല്‍ നയത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാകാനാണ് തീരുമാനം. മെയ് 20ന് മുന്‍പായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു.

Hot Topics

Related Articles