തൃശൂർ : കേരളത്തില്‍ നാടകങ്ങള്‍ക്ക് സ്ഥിരം വേദികള്‍ ഒരുക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം ‘ഇറ്റ്ഫോക് 2024’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.തോപ്പില്‍ ഭാസിയുടെ പേരില്‍ കായംകുളത്ത് നാടകത്തിനായി സ്ഥിരം വേദി നിർമാണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
വരും വർഷത്തില്‍ അന്താരാഷ്ട്ര ഫോക് ലോർ ഫെസ്റ്റ് നടത്തണമെന്നാണ് സർക്കാർ ആഗ്രഹം. ലോകത്തിന് മുന്നിലേക്ക് കേരള കലാരൂപങ്ങളെ എത്തിക്കുകയാണ് ലക്ഷ്യം. എത്ര പ്രയാസവും സാമ്പത്തിക പ്രതിസന്ധിയും നേരിട്ടാലും നാടകോത്സവം മുടക്കില്ല എന്നതാണ് സർക്കാർ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ ഏറ്റവുമധികം ഊർജം പകരുന്ന കലാ സംഗമമാണ് ഇറ്റ്ഫോക്കെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.